ജയ്‌പുർ ∙ വിദ്യാർഥിനികൾക്കൊപ്പം ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനു സസ്പെൻഷൻ. രാജസ്ഥാനിലെ ആൽവാറിൽ ആണ് സംഭവം. ഒൻപത് മുതൽ 12–ാം ക്ലാസ് വരെ പഠിക്കുന്ന 200 ഓളം വിദ്യാർഥികളെയും കൊണ്ടാണ് പ്രിൻസിപ്പൽ ചെക്ക് ഡാമിലെത്തിയത്. എന്നാൽ വനിത അധ്യാപകരെ ഇവർ കൊണ്ടുവന്നിരുന്നില്ല. വനപാതയിലൂടെ സുരക്ഷയൊരുക്കാതെ രണ്ട് കിലോമീറ്റർ സഞ്ചരിച്ചാണ് സംഘം ചെക്ക് ഡാമിലെത്തിയത്. ഓഗസ്റ്റ് 15നാണ് സംഭവം.
അതേസമയം വിദ്യാർഥികൾക്കൊപ്പം പ്രിൻസിപ്പൽ ജലാശയത്തിൽ കുളിക്കുന്ന വിഡിയോ പുറത്തുവന്നിരുന്നു. ഇതേതുടർന്ന് ഗ്രാമവാസികൾ പരാതിയുമായി എത്തിയതോടെയാണ് വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തത്. അതേസമയം നീന്തൽ പഠിപ്പിക്കാനെന്ന വ്യാജേനയാണ് വിദ്യാർഥികളെ പ്രിൻസിപ്പൽ കൊണ്ടുപോയതെന്നും ആരോപണമുണ്ട്.

