മീനങ്ങാടി (വയനാട്) ∙ അളവിൽ കൂടുതൽ മദ്യം വീട്ടിൽ സൂക്ഷിച്ച കേസിൽ അറസ്റ്റിലായ റിപ്പോർട്ടർ ചാനൽ എംഡി ആന്റോ അഗസ്റ്റിൻ റിമാൻഡിൽ. 14 ദിവസത്തേക്കാണ് കോടതി റിമാൻഡ് ചെയ്തത്. ആന്റോ അഗസ്റ്റിനെ വൈത്തിരി സബ് ജയിലിലേക്ക് മാറ്റും.
വയനാട് വാഴവറ്റയിലെ ആന്റോയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് വലിയ തോതിലുള്ള മദ്യശേഖരം കണ്ടെത്തിയത്. ഒരാൾക്ക് നിയമപരമായി കൈവശം വയ്ക്കാവുന്ന പരിധിയേക്കാൾ അധികം വിവിധ ഇനങ്ങളിലുള്ള മദ്യമാണ് വീട്ടിൽ സൂക്ഷിച്ചിരുന്നതെന്നാണ് എക്സൈസിന്റെ കണ്ടെത്തൽ. 138 കുപ്പികളിലായി 67 ലീറ്റർ മദ്യം പിടിച്ചെടുത്തു.
സംഭവത്തിൽ അബ്കാരി നിയമപ്രകാരമാണ് എക്സൈസ് കേസെടുത്തത്. കേരള അബ്കാരി ആക്ടിലെ 55(എ), 55(ഐ), 58 എന്നീ വകുപ്പുകൾ ചുമത്തിയാണ് നടപടി.
ഇന്ന് പുലർച്ചെ കൊച്ചി കളമശ്ശേരിയിലെ റിപ്പോർട്ടർ ചാനൽ ആസ്ഥാനത്തെത്തിയ എക്സൈസ് സംഘമാണ് ആന്റോയെ അറസ്റ്റ് ചെയ്തത്. തുടക്കത്തിൽ അറസ്റ്റ് നടപടിയോട് സഹകരിക്കാൻ തയ്യാറായില്ലെങ്കിലും പിന്നീട് എക്സൈസ് സംഘം ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

