കൊല്ലം: നടൻ കൊല്ലം സുധിയുടെ ഭാര്യയും ഇൻഫ്ലുവൻസറുമായ രേണു സുധിയുടെ ആരോഗ്യനില ഗുരുതരമെന്ന് ഇൻഫ്ലുവൻസറും അവതാരകയുമായ ശാരിക കെ.ബി. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് ശാരിക ഇക്കാര്യം അറിയിച്ചത്.
കാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന രേണുവിനെ ആരോഗ്യനില വഷളായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നാണ് ശാരിക പറയുന്നത്. രക്തത്തിലെ പ്ലേറ്റ്ലെറ്റ് കൗണ്ട് ഗണ്യമായി കുറഞ്ഞതായും അവർ വ്യക്തമാക്കി.
നേരത്തെ നാല് കീമോതെറാപ്പി സെഷനുകൾ പൂർത്തിയാക്കിയ ശേഷവും വിശ്രമിച്ച് രേണു വിഡിയോകൾ ചെയ്തിരുന്നുവെന്ന് ശാരിക പറഞ്ഞു. എന്നാൽ അഞ്ചാമത്തെ കീമോതെറാപ്പിക്ക് ശേഷം ആരോഗ്യനിലയിൽ വലിയ തകർച്ചയുണ്ടായി. ചികിത്സ കഴിഞ്ഞ് പത്ത് ദിവസം പിന്നിട്ടിട്ടും എഴുന്നേൽക്കാൻ കഴിയാത്ത അവസ്ഥയിലായെന്നും വെള്ളം പോലും കുടിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നെന്നും ശാരിക പറഞ്ഞു.
ഭക്ഷണം കഴിക്കാൻ കഴിയാതെ വന്നതോടെ പോഷകാഹാരം നൽകുന്നതിനായി പ്രത്യേക സംവിധാനം ഏർപ്പെടുത്തിയതായും അവർ വ്യക്തമാക്കി.
ഇനിയൊരു കീമോതെറാപ്പി കൂടി താങ്ങാനുള്ള ശേഷി രേണുവിന്റെ ശരീരത്തിനില്ലെന്നാണ് ഡോക്ടർമാർ അറിയിച്ചതെന്നും ശാരിക പറഞ്ഞു. കൂടുതൽ ചികിത്സയുടെ കാര്യത്തിൽ കുടുംബം ആശങ്കയിലാണെന്നും രേണുവിന്റെ ചേച്ചി എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണെന്നും അവർ വ്യക്തമാക്കി.
രേണുവിനെ സ്നേഹിക്കുന്നവരെല്ലാം അവർക്കായി പ്രാർഥിക്കണമെന്നും ശാരിക അഭ്യർഥിച്ചു.

