ജനവിധിയുടെ നേര്‍ക്കാഴ്ച്ചയിലേക്ക് ഇനി മണിക്കൂറുകള്‍, കെ.സിയെ കേരളത്തിലേക്ക് അയക്കാന്‍ കോണ്‍ഗ്രസ് ഉത്തരേന്ത്യന്‍ ലോബി, കെസിക്കായി പുതിയ ഫോര്‍മുല, രണ്ട് ഉപമുഖ്യമന്ത്രിമാര്‍, എല്‍ഡിഎഫിനെ പിണറായി തന്നെ നയിക്കും.
പോളിറ്റിക്കല്‍ ഡസ്ക്
തിരുവനന്തപുരം: ഇനി മണിക്കൂറുകള്‍. കേരളത്തിന്റെ അടുത്ത അഞ്ചുവര്‍ഷം ആരു നയിക്കുമെന്ന് അറിയാന്‍. സര്‍വെകള്‍ക്കും വിലയിരുത്തുലുകള്‍ക്കും ഉപരിയായി ജനവിധിയുടെ നേരറിവിലേക്ക് കേരളം ഉണരുകയായി.
പത്തുവര്‍ഷം കേരളം ഭരിച്ച പിണറായി വിജയന് സര്‍ക്കാരിന് തുടരാന്‍ കഴിയുമോ.അതോ യുഡിഎഫ് അധികാരം പിടിക്കുമോ. വിവിധ ഏജന്‍സികളുടെ എക്സിറ്റുപോളുകളില്‍ മുന്‍തൂക്കം യുഡിഎഫിനാണ്. പ്രത്യേകിച്ച് ഇലക്ഷനുശേഷം നടന്ന സര്‍വേകളില്‍. ഇഞ്ചോടിച്ച് മത്സരം അല്ലെങ്കില്‍ യുഡിഎഫ് മേല്‍ക്കൈ ഇതാണ് സൂചന. പക്ഷേ അതിനപ്പുറത്തേക്കുളള അടിയൊഴുക്കാണ് ഇടതുമുന്നണി മൂന്നാം ടേമിനുളള പോരാട്ടത്തില്‍ പ്രതീക്ഷിക്കുന്നത്.
തെരഞ്ഞെടുപ്പിന് മുന്നേ തുടങ്ങിയ കോണ്‍ഗ്രസിലെ മുഖ്യമന്ത്രി പോര് പുതിയ തലത്തിലാണ്. തകര്‍ന്ന കോണ്‍ഗ്രസിനെ തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് വിജയങ്ങളിലേക്ക് നയിച്ച വി.ഡി സതീശനാണ് സ്വാഭാവികമായും ഉയര്‍ന്നു കേള്‍ക്കുന്ന പേര്. എന്നാല്‍ സീനിയോറിട്ടിയും ഇതര ഘടകങ്ങളും വിഷയമാക്കി രമേശ് ചെന്നിത്തലയ്ക്കായി അങ്കം മുറുകുകയും കെ,സിയ്ക്കായി കെ. സുധാകരന് പരസ്യമായി രംഗത്തുവരികയും ചെയ്തതോടെ കളം മാറി. ഇപ്പോള്‍ എഐസിസിയിലെ മുതിര്‍ന്ന നേതാക്കള്‍ അടക്കം കെ.സി വേണുഗോപാലിലേക്ക് മുഖ്യമന്ത്രി പദം ചര്‍ച്ച കേന്ദ്രീകരിക്കുകയാണ്. നിയമസഭാ കക്ഷിയിലെ ഭൂരിപക്ഷം നോക്കണമെന്ന വാദമാണ് ചില സീനിയര്‍ നേതാക്കള്‍ ഉന്നയിക്കുന്നത്. എന്നാല്‍ അധികാരത്തിനായി വിയര്‍പ്പൊഴുക്കിയവരെ വിസ്മരിച്ച് മറ്റൊരു നീക്കത്തിന് ഹൈക്കമാന്റ് അനുമതി നല്‍കുമോ എന്നാണ് സംശയം.
രാഹുല്‍ ഗാന്ധിയാണ് ഇക്കാര്യത്തില്‍ അവസാനവാക്ക്.കെ.സി വേണുഗോപാലിനെ ന്യൂഡല്‍ഹിയില്‍ നിന്നും മാറ്റി നിര്‍ത്തണമെന്ന് ആഗ്രഹിക്കുന്ന എഐസിസിയിലെ ഉത്തരേന്ത്യന്‍ ലോബി ഈ അവസരം വിനിയോഗിക്കുമോ എന്നാണ് അറിയാനുളളത്. ആ സമ്മര്‍ദത്തിന് ഹൈക്കമാന്റ് കീഴടങ്ങിയാല്‍ കേരളത്തില്‍ അപ്രതീക്ഷിതമായ കരുനീക്കം നടക്കാം.
കെസി വേണുഗോപാലിനായി പുതിയ ഫോര്‍മുല രൂപപ്പെട്ടുവെന്നാണ് ഡല്‍ഹി വര്‍ത്തമാനം. കെ.സി മുഖ്യമന്ത്രിയും രമേശ് ഉപമുഖ്യമന്ത്രി കൂടാതെ ലീഗിനും ഉപമുഖ്യമന്ത്രി പദം. കര്‍ണാടകത്തില്‍ സിദ്ധരാമയ്യ, ഡി.കെ ശിവകുമാര്‍ അധികാര സമവാക്യം പോലെ ഒന്നാണ് അണിയറയില്‍. എന്നാല്‍ സതീശന് റോള്‍ എതാണെന്ന് വ്യക്തമല്ല. സതീശനെ എങ്ങനെ അനുനയിപ്പിക്കുമെന്നതും വ്യക്തമല്ല.
ഇടതുമുന്നണിക്ക് അധികാരം ലഭിച്ചാല്‍ പിണറായി വിജയന് തന്നെയായിരിക്കും മുഖ്യമന്ത്രി എന്ന കാര്യത്തില്‍ സംശയമില്ല. പിണറായി മാത്രമായിരുന്നു പ്രചാരണ രംഗത്തെ ഫോക്കസ്. എന്നാല്‍ പ്രതിപക്ഷത്തേക്കു മാറിയാല്‍ പിണറായി തന്നെ നയിക്കുമോ എന്നറിയില്ല. യുഡിഎഫ് പ്രതിപക്ഷത്തുവന്നാല്‍ സതീശന് ഉണ്ടാവാനിടയില്ല. യുഡിഎഫിനെ അധികാരത്തിലെത്തിച്ചില്ലെങ്കില്‍ വനവാസം എന്ന നിലപാട് സതീശന് പരസ്യമാക്കി കഴിഞ്ഞു.

