തൂഫാന്റെ മുന്നേറ്റത്തിനിടെ ആഭ്യന്തര മന്ത്രിയെ വെല്ലുവിളിച്ച് ഇടിയന്‍ പോലീസ്. ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി കഴിഞ്ഞ യുവാവിനെ ഇടിച്ചു പരുവപ്പെടുത്തി. കാല്‍വെള്ളയില്‍ അടി, ബ്ൂട്ടിട്ട് ചവുട്ട്, ചെവി പിടിച്ച് ഉയര്‍ത്തല്‍……
പോലീസ് സ്‌റ്റേഷനുകള്‍ ആശ്രയ കേന്ദ്രങ്ങളാകണമെന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രഖ്യാപനം കാറ്റില്‍ പറത്തി കേരളത്തില്‍ വീണ്ടും ഇടിയന്‍ പോലീസ് ക്രൂരത. ഹൃദയശസ്്ത്രക്രിയ കഴിഞ്ഞ യുവാവിനെ വ്യാജ പരാതിയുടെ പേരില്‍ ഇടിച്ചു പരുവപ്പെടുത്തി. കടുത്ത ശാരീരിക മാനസിക പീഡനത്തെ തുടര്‍ന്ന് യുവാവ് അസ്വസ്ഥതയോടെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് ആരോഗ്യം വീണ്ടെടുക്കുന്നതേയുള്ളൂ. അതിനിടയിലാണു പൊലീസ് വീട്ടില്‍നിന്നു പിടിച്ചുകൊണ്ടുപോയി മര്‍ദിച്ചത്. ഇപ്പോള്‍ കാലുകുത്താന്‍ പോലും കഴിയാത്ത വേദനയാണ്’ പെണ്‍കുട്ടിയുടെ ആരോപണത്തില്‍ റജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസില്‍ പൊലീസില്‍നിന്നുണ്ടായത് കടുത്ത ശാരീരിക, മാനസിക പീഡനമെന്ന് 20 വയസ്സുകാരന്‍ പറയുന്നു. കടുത്ത നെഞ്ചുവേദനയെത്തുടര്‍ന്ന് യുവാവിനെ ഇന്നലെ രാത്രി അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
3നു രാത്രി വീട്ടില്‍നിന്നു പിടിച്ചുകൊണ്ടുപോയി പത്തംനംതിട്ട കൂടല്‍ പൊലീസ് സ്റ്റേഷനു പിന്നിലെ ക്വാര്‍ട്ടേഴ്‌സിലെത്തിച്ചായിരുന്നു മര്‍ദനം. നിലത്തിരുത്തി കാല്‍വെള്ളയില്‍ വടി ഉപയോഗിച്ച് അടിച്ചു. ബൂട്ടിട്ടു ചവിട്ടുകയും മുടിയില്‍ പിടിച്ചുവലിക്കുകയും ചെയ്തു. ഇരുചെവിയിലും പിടിച്ചു മുകളിലേക്ക് ഉയര്‍ത്തി. ചെവിക്കു പിന്നിലും കാല്‍വെള്ളയിലും ഇപ്പോഴും മര്‍ദനത്തിന്റെ പാടുണ്ട്. പെണ്‍കുട്ടിയുടെ പേരു പറഞ്ഞപ്പോള്‍ എനിക്കറിയില്ലെന്നു പറഞ്ഞു. ഫോട്ടോ കാണിച്ചപ്പോഴാണു പഴയ സഹപാഠിയുടെ അനുജത്തിയാണെന്നു തിരിച്ചറിഞ്ഞത്. തനിക്കു പെണ്‍കുട്ടിയെ നേരിട്ടറിയില്ല’ യുവാവ് പറഞ്ഞു.
നേരത്തെ മുതല്‍ ഹൃദയത്തിനു തകരാറുള്ള യുവാവിന്റെ ഓപ്പണ്‍ ഹാര്‍ട്ട് ശസ്ത്രക്രിയ നടത്താന്‍ കടംവാങ്ങിയ 2 ലക്ഷത്തിലേറെ രൂപയുടെ ബാധ്യത തീര്‍ന്നിട്ടില്ല. ലോഡിങ് തൊഴിലാളിയായ അച്ഛന്റെയും ബസ് കണ്ടക്ടറായ സഹോദരന്റെയും വരുമാനം മാത്രമാണുള്ളത്. അടുത്തിടെ വീടിനടുത്തുള്ള ഐസ്‌ക്രീം ഫാക്ടറിയില്‍ യുവാവ് ജോലിക്കു പോയിത്തുടങ്ങിയിരുന്നു. 3നു വൈകിട്ട് 8നു കസ്റ്റഡിയിലെടുത്ത മകനെ നടക്കാന്‍ പോലുമാകാത്ത സ്ഥിതിയില്‍ 4നു വൈകിട്ടാണു വിട്ടയച്ചതെന്ന് അമ്മ പറഞ്ഞു. മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, മനുഷ്യാവകാശ കമ്മിഷന്‍, യുവജന കമ്മിഷന്‍, ഡിജിപി തുടങ്ങിയവര്‍ക്കു കുടുംബം പരാതി നല്‍കിയിട്ടുണ്ട്. പോലീസ് വകുപ്പു തല അന്വേഷണത്തിലാണ്.

