തിരുവനന്തപുരം : മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് പ്രത്യേക യോഗവും തുടർന്ന് നിയമസഭാ കക്ഷി യോഗവും വിളിച്ചു ചേർക്കാൻ തീരുമാനിച്ചിരിക്കുമ്പോൾ ആര് മുഖ്യമന്ത്രി ആകുമെന്ന ചർച്ച മുറുകുന്നു. നിയമസഭാ കക്ഷിയിലെ ഭൂരിപക്ഷം നോക്കുമ്പോൾ 50 ലധികം എംഎൽഎമാരുടെ പിന്തുണ കെ സി പക്ഷം രഹസ്യമായി അവകാശപ്പെടുന്നു. എന്നാൽ പ്രതിസന്ധിയിൽ പാർട്ടിക്ക് തകർപ്പൻ വിജയം സമ്മാനിച്ച വി ഡി സതീശനെ സാങ്കേതിക കാര്യം പറഞ്ഞു മാറ്റിനിർത്തിയാൽ സതീശൻ പക്ഷം കടുത്ത തീരുമാനത്തിലേക്ക് പോയേക്കും. ഒരാഴ്ച വരെ നീളുന്ന ചർച്ചകളിലേക്ക് മുഖ്യമന്ത്രിപദം നീളാനിടയുണ്ട്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാർട്ടിയിലെ സീനിയോറിറ്റിയും നിയമസഭയിലെ പരിചയവും വെച്ച് താനാണ് അർഹൻ എന്ന് രമേശ് ചെന്നിത്തല ഒരു മാധ്യമത്തോടെ രാവിലെ വെളിപ്പെടുത്തി കഴിഞ്ഞു. കെസി വേണുഗോപാലനായി പലയിടത്തും ഫ്ലക്സ് ഉയർന്നു. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നശേഷം ഇക്കാര്യത്തിൽ സതീശൻ പക്ഷം മൗനത്തിലാണ്. യുഡിഎഫിനെ ചരിത്ര വിജയത്തിലേക്ക് നയിച്ച നേതാവിനെ അർഹിക്കുന്ന അംഗീകാരം നൽകണമെന്നാണ് അവരുടെ നിലപാട്. കോൺഗ്രസ് എംഎൽഎമാരുടെ അഭിപ്രായം തേടിയാൽ ഹൈക്കമാന്റിന്റെ മനസ്സ് ആയിരിക്കും അവർ പ്രകടിപ്പിക്കുക എന്ന് സതീശൻ പക്ഷം വിശ്വസിക്കുന്നു. അങ്ങനെയെങ്കിൽ കെ സി വേണുഗോപാലിനോ രമേശ് ചെന്നിത്തല ക്കോ ആയിരിക്കും സാധ്യത.
കേരളത്തിലെ എംഎൽഎ പോലുമില്ലാത്ത കെസി യെ മുഖ്യമന്ത്രിയാക്കുന്നത് ഉചിതമല്ല എന്ന വികാരമാണ് ചാനൽ ചർച്ചകളിലെ രാഷ്ട്രീയ നിരീക്ഷക ഉയർത്തുന്നത്.എന്നാൽ കോൺഗ്രസിൽ അത്തരത്തിലുള്ള ഒരു അഭിപ്രായം പറയാൻ ആരും മുന്നോട്ടു വന്നിട്ടില്ല.
എന്നാൽ രമേശ് ചെന്നിത്തലയെയാണ് സിപിഎമ്മിലെ ഒരു വിഭാഗവും ബിജെപിയിലെ ചില നേതാക്കളും ഇഷ്ടപ്പെടുന്നതെന്നാണ് സൂചന ധനകാര്യ മാനേജ്മെന്റിലും കിഫ്ബിയു മായി ബന്ധപ്പെട്ട ചില ഇടപാടുകളിലും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർ തന്നെ ആരോപണം ഉന്നയിച്ച സാഹചര്യത്തിൽ അന്വേഷണത്തെ സിപിഎം ഭയപ്പെടുന്നുുണ്ട്. ബിജെപിയുമായുള്ള ധാരണയെത്തുടർന്ന് കേന്ദ്ര തലത്തിലുള്ള അന്വേഷണങ്ങൾ എല്ലാം തന്നെ പിണറായി വിജയൻ നിയന്ത്രിച്ചു എന്ന ആരോപണം ഇതിനകം തന്നെ ഉയർന്നിട്ടുണ്ട്. അത്തരത്തിലൊരു സമവായനീക്കത്തിന് മൂവരിൽ രമേശാണ് ഭേദം എന്ന ഒരു ചിന്താഗതി ഇടതുമുന്നണിയിൽ ഉണ്ട്. ബിജെപിയിലെ ചില നേതാക്കളുമായി രമേശ് ചെന്നിത്തലയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന് ഇടക്കാലത്ത് ആരോപണമുയർന്നിരുന്നു. ബിജെപിയിലേക്ക് ചേക്കേറിയ ഉമ്മൻചാണ്ടി ഭരണത്തിലെ ചീഫ് വിപ്പിന് വളരെ അടുത്ത ബന്ധമാണുള്ളത്.

