Spread the love

തിരുവനന്തപുരം∙ നെടുമങ്ങാട് ഒന്നരവയസുകാരന്‍ അര്‍ഷിദിന്റെ കൊലപാതകത്തില്‍, സ്വന്തം അമ്മയും രണ്ടാനച്ഛനും ചേര്‍ന്ന് കുഞ്ഞിനോട് കാട്ടിയത് അതി ക്രൂരവും മനുഷ്യത്വരഹിതവുമായ പീഡനങ്ങളെന്ന് തെളിയുന്നു.

കുട്ടിയെ തങ്ങൾ ഉപദ്രവിച്ചെന്ന് സമ്മതിച്ച് അമ്മയും രണ്ടാനച്ഛനും. കുട്ടിയുടെ കൈ ഒടിഞ്ഞിട്ടും 12 ദിവസം കഴിഞ്ഞാണ് ആശുപത്രിയില്‍ കൊണ്ടുപോയത്. രണ്ടു കൈയ്ക്കും നീരും വേദനയുമുണ്ടെന്നു കുട്ടി പറഞ്ഞിട്ടും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ഇവര്‍ തയാറായിരുന്നില്ല. കൂടാതെ കുട്ടി ഹൈപ്പര്‍ ആക്ടീവ് ആയിരുന്നെന്നും ഓടി നടക്കാതിരിക്കാന്‍ ലൈറ്റര്‍ ഉപയോഗിച്ചു പൊള്ളിച്ചതായും ഇവർ മൊഴി നൽകിയിട്ടുണ്ട്.

പൊലീസ് കസ്റ്റഡിയില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതികളായ അമ്മ അഖിലയും പങ്കാളി അഷ്‌കറും കുട്ടിയോടു ചെയ്തു ക്രൂരതകള്‍ സമ്മതിച്ചത്. കുഞ്ഞിന്റെ കരച്ചിൽ പുറത്തുകേൾക്കാതിരിക്കാനായി വായിൽ തുണി തിരുകിയാണ് ഉപദ്രവിച്ചിരുന്നത്. സംഭവദിവസം അഖില വീട്ടിലുണ്ടായിരുന്നില്ല. ഈ സമയത്ത് കുഞ്ഞ് കരഞ്ഞപ്പോൾ തലയിൽ അടിക്കുകയായിരുന്നു. ബോധമില്ലാതായതോടെ അർഷിതിന്റെ ജീവൻ നഷ്ടമായെന്ന് ഉറപ്പിച്ചു. പിന്നീട് ചോറ് തൊണ്ടയിൽ കുടുങ്ങിയെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. വീടും പരിസരവും വൃത്തിയാക്കി തെളിവുകൾ നശിപ്പിച്ചശേഷമാണ് ആശുപത്രിയിലേക്ക് പോയത്.

ഇരുവരുടെയും മുന്നോട്ടുള്ള ജീവിതത്തിന് കുട്ടി തടസമാണെന്നു കരുതിയെന്ന് ഇരുവരും മൊഴി നല്‍കി. മര്‍ദനമേറ്റ് ക്ഷീണിച്ച കുട്ടിയുമായാണ് മധുരയ്ക്കു പോയി. തിരിച്ച് എത്തിയപ്പോള്‍ പനി കൂടി കുഴഞ്ഞുവീണു. എന്നാല്‍ മരുന്നു നല്‍കാനോ ശുശ്രൂഷിക്കാനോ അവർ തയാറായില്ല. മരിക്കുന്നതിനു നാലു മാസം മുന്‍പ് തൊട്ടുതന്നെ കുഞ്ഞിനു ക്രൂര മര്‍ദനമാണ് നേരിടേണ്ടി വന്നെന്നാണ് അമ്മയെയും രണ്ടാനച്ഛനെയും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്തപ്പോള്‍ വെളിപ്പെട്ടിരിക്കുന്നത്.