ഇറച്ചി വ്യാപാരികള്‍ സമരത്തിലേക്ക്. കന്നുകാലികളെ തട്ടിയെടുക്കുന്ന ഗുണ്ട മാഫിയ സംഘങ്ങൾക്കെതിരെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടപടിയെടുക്കുന്നില്ല: മീറ്റ് ഇൻഡസ്ട്രിസ് വെൽഫയർ അസോസിയേഷൻ
കോട്ടയം: കേരളത്തിലെ കന്നുകാലി ഗതാഗതം, മാംസ-പാൽ മേഖല, കർഷകർ, വ്യാപാരികൾ എന്നിവ നേരിടുന്ന ഗുരുതര പ്രതിസന്ധികൾകേരളത്തിന്റെ പാൽ, മാംസം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിന് കന്നുകാലികൾ പ്രധാനമായും മറ്റ് സംസ്ഥാനങ്ങളിൽ നിന്നാണ് എത്തുന്നത്. എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി നിയമത്തിന്റെ മറവിൽ നടക്കുന്ന അനധികൃത കന്നുകാലി ജപ്തികളും, വൈകാരിക വിഷയങ്ങൾ ഉയർത്തിക്കാട്ടി ചില സംഘടനകൾ സൃഷ്ടിക്കുന്ന തടസ്സങ്ങളും കന്നുകാലി വ്യാപാരത്തെയും കർഷകരുടെയും ഉപജീവനത്തെയും ഗുരുതരമായി ബാധിച്ചിരിക്കുകയാണ്.
കർഷകന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നമായ വിപണനം ഇന്ന് മാഫിയാ സംഘങ്ങളുടെ നിയന്ത്രണത്തിലായിരിക്കുകയാണ്. ഇതുമൂലം അനേകം കർഷകർ കന്നുകാലി വളർത്തൽ ഉപേക്ഷിക്കാൻ നിർബന്ധിതരായി. രാജ്യത്തിന്റെ തനതായ കന്നുകാലി സമ്പത്ത് തന്നെ ഇതിലൂടെ അപകടത്തിലായിരിക്കുകയാണ്.
അനധികൃത ജപ്തികൾ ഒഴിവാക്കാമെന്ന പേരിൽ ആന്ധ്രാപ്രദേശിൽ 12-ലേറെ സംഘങ്ങളും തമിഴ്നാട്ടിൽ 4-ഓളം സംഘങ്ങളും 1,000 മുതൽ 50,000 രൂപ വരെ പിരിവ് നടത്തുന്നതായി വ്യാപകമായ പരാതികളുണ്ട്. പതിനഞ്ച് വർഷത്തിലേറെയായി തുടരുന്ന ഈ അനധികൃത പിരിവും ജപ്തികളും മേഖലയുടെ സാമ്പത്തിക അടിത്തറ തകർക്കുകയും വ്യാപാര നിയന്ത്രണം ഗുണ്ടാ-മാഫിയകൾക്ക് കൈമാറുകയും ചെയ്തിരിക്കുകയാണ്. ഇന്ന് കേരളത്തിലേക്ക് എത്തുന്ന കന്നുകാലികളുടെ വിപണനം പോലും ഇത്തരം സംഘങ്ങളുടെ നിയന്ത്രണത്തിലാണെന്നത് ഏറ്റവും വലിയ പ്രതിസന്ധിയാണ്.
2026 ജനുവരി 21-ന് ആന്ധ്രാപ്രദേശ് മൃഗസംരക്ഷണ വകുപ്പ് യാത്രയ്ക്കാവശ്യമായ ആരോഗ്യ സർട്ടിഫിക്കറ്റ് നൽകേണ്ടതില്ലെന്ന തീരുമാനം സ്വീകരിച്ചതോടെ അവിടെ കന്നുകാലി ഗതാഗതത്തിന് കൂടുതൽ തടസ്സങ്ങൾ സൃഷ്ടിക്കാൻ മാഫിയകൾക്ക് അവസരമൊരുങ്ങി. ഈ തീരുമാനം നിലവിലുള്ള കന്നുകാലി ഗതാഗത നിയമങ്ങളുടെ ആത്മാവിനും വിരുദ്ധമാണെന്നാണ് വ്യാപാരികളുടെ പരാതി.
ഈ വിഷയങ്ങളിൽ പരിഹാരം തേടി രാഷ്ട്രപതി, പ്രധാനമന്ത്രി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി, കേരള മുഖ്യമന്ത്രി എന്നിവർക്ക് നിരവധി നിവേദനങ്ങൾ സമർപ്പിച്ചിട്ടുണ്ടെങ്കിലും അന്വേഷണങ്ങൾ പ്രഖ്യാപിച്ചതിലുപരി കാര്യമായ നടപടികൾ ഉണ്ടായിട്ടില്ല.
വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്ന കന്നുകാലികൾക്ക് ആന്ധ്രാപ്രദേശിൽ പൊലീസ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ വഴി തടസ്സങ്ങൾ നേരിടുന്നതായും, ഒഡിഷയിൽ നിന്ന് കന്നുകാലി വരവ് ഏതാണ്ട് നിലച്ചതായും, മഹാരാഷ്ട്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലും സമാന പ്രശ്നങ്ങൾ നിലനിൽക്കുന്നതായും വ്യാപാരികൾ ചൂണ്ടിക്കാണിക്കുന്നു. ഇതുമൂലം നിരവധി ചെറുകിട വ്യാപാരികൾക്ക് വ്യാപാരം നടത്താൻ പോലും കഴിയാത്ത അവസ്ഥയാണ്.
ഒറ്റ ദിവസം ആന്ധ്രാപ്രദേശിലെ വിവിധ ഭാഗങ്ങളിൽ ഏകദേശം 600 കന്നുകാലികളെ പിടിച്ചെടുത്ത സംഭവവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവയുടെ വിപണി മൂല്യം ഏകദേശം നാല് കോടി രൂപയിലധികമാണ്.
6513 KHC 2018 (17.07.2018) എന്ന സുപ്രീംകോടതി വിധിയിൽ കന്നുകാലി ഗതാഗതത്തിന് യാത്രാമധ്യേ തടസ്സം നേരിട്ടാൽ യാത്ര തുടരാൻ ആവശ്യമായ സംരക്ഷണം ഉറപ്പാക്കണമെന്നും, രാജ്യത്തെ എല്ലാ ജില്ലാ പൊലീസ് മേധാവികളെയും നോഡൽ ഓഫീസർമാരായി നിയമിച്ചിട്ടുണ്ടെന്നും വ്യക്തമാക്കിയിട്ടുള്ള സാഹചര്യത്തിലും അനധികൃത ജപ്തികൾ തുടരുന്നത് അതീവ ഗൗരവമുള്ള വിഷയമാണ്.
ജപ്തികൾക്ക് നേതൃത്വം നൽകിയിരുന്ന ഹോണററി അനിമൽ വെൽഫെയർ ഓഫീസർമാർ പിടിച്ചെടുത്ത മൃഗങ്ങളുടെ വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം AWBI-യോട് അന്വേഷിച്ചപ്പോൾ, 2018 മുതൽ രാജ്യത്ത് അത്തരം ഹോണററി നിയമനങ്ങൾ അവസാനിപ്പിച്ചുവെന്ന മറുപടിയാണ് ലഭിച്ചത്. ഇതിലൂടെ വിഷയത്തെക്കുറിച്ച് ബന്ധപ്പെട്ട അധികാരികൾക്ക് വ്യക്തമായ അറിവുണ്ടായിരുന്നുവെന്നത് വ്യക്തമാകുന്നു.
ഈ സാഹചര്യത്തിൽ വിവിധ സംസ്ഥാനങ്ങളിലുണ്ടാകുന്ന സംഭവങ്ങളെ ഏകോപിപ്പിച്ച് ഒരു കേന്ദ്ര ഏജൻസി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് സമർപ്പിച്ച നിവേദനത്തിൽ, 2019-ൽ ഉചിത നടപടി സ്വീകരിക്കാൻ കേരള ചീഫ് സെക്രട്ടറിയെ PMO ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ 2021 ജനുവരി 7-ന് കേരള ഹോം സെക്രട്ടറി നൽകിയ മറുപടിയിൽ കേരളത്തിൽ ഇത്തരമൊരു പ്രശ്നമില്ലാത്തതിനാൽ അന്വേഷണം ആവശ്യമില്ലെന്ന് അറിയിക്കുകയായിരുന്നു. കേരളത്തിനാണ് ഏറ്റവും കൂടുതൽ നഷ്ടമുണ്ടാകുന്നതെന്ന് വിശദമായി ബോധ്യപ്പെടുത്തിയിട്ടും ലഭിച്ച മറുപടി നിരാശാജനകമായിരുന്നു.
ഈ പ്രതിസന്ധി മാംസവ്യാപാരത്തിൽ മാത്രമല്ല, ഭാവിയിൽ പാൽ വ്യവസായത്തെയും ഗുരുതരമായി ബാധിക്കുമെന്നത് വ്യക്തമാണ്. കന്നുകാലികൾ രാജ്യത്തിന്റെ ഐശ്വര്യത്തിന്റെയും കാർഷിക സമൃദ്ധിയുടെയും അടിസ്ഥാന സമ്പത്താണ്. പാൽ, കാലിത്തീറ്റ, മാംസം, തുകൽ, എല്ല്, കൊഴുപ്പ് തുടങ്ങി അനുബന്ധ മേഖലകളിലായി കേരളത്തിൽ ഏകദേശം 15 ലക്ഷം പേരുടെ സ്വയംതൊഴിൽ ഈ മേഖലയെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്.
അഞ്ച് വർഷം മുമ്പുവരെ പ്രതിമാസം ഏകദേശം ഒന്നര ലക്ഷം കന്നുകാലികൾ കേരളത്തിലെത്തിയിരുന്നുവെന്ന് മൃഗസംരക്ഷണ വകുപ്പ് വ്യക്തമാക്കിയിരുന്നു. എന്നാൽ 2026 ജനുവരി അവസാനം മുതൽ ഈ എണ്ണം അമ്പതിനായിരത്തിൽ താഴെയായി. നിലവിൽ അത് വീണ്ടും ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. ഇതിന്റെ ഫലമായി കന്നുകാലികളുടെ വില കുത്തനെ ഉയരുകയും മാഫിയാ നിയന്ത്രണത്തിലുള്ള കന്നുകാലികൾക്ക് മാത്രമായി വിപണി ചുരുങ്ങുകയും ചെയ്തിരിക്കുകയാണ്.
കേരളത്തിലേക്ക് പ്രവേശിക്കുന്ന കന്നുകാലികൾക്കുള്ള പ്രവേശന ഫീസ് ₹10-ൽ നിന്ന് ₹80 ആയി വർദ്ധിപ്പിച്ച ശേഷം ആർ.പി. ചെക്ക്‌പോസ്റ്റിലെ പരിശോധനകൾ കാര്യക്ഷമമല്ലാതായതായി പരാതിയുണ്ട്. പലപ്പോഴും ഔദ്യോഗിക രസീത് നൽകാതെ കന്നുകാലികളെ കടത്തിവിടുന്നതിനാൽ കൃത്യമായ കണക്ക് ലഭിക്കുന്നില്ല. ഇതുമൂലം പ്രതിമാസം ഏകദേശം ₹40 മുതൽ ₹50 ലക്ഷം വരെ സംസ്ഥാന ഖജനാവിന് നഷ്ടമുണ്ടാകുന്നതായി വിലയിരുത്തപ്പെടുന്നു. ഈ വിവരം 2025-ൽ ബന്ധപ്പെട്ട വകുപ്പുകൾക്ക് രേഖാമൂലം അറിയിച്ചിട്ടും നടപടികളൊന്നും ഉണ്ടായിട്ടില്ല.
ഇതിനൊപ്പം അറവ് നിരോധിച്ച സംസ്ഥാനങ്ങളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് എത്തുന്ന “സുനാമി ഇറച്ചി” കേരളത്തിലെ വിപണിയെ സാരമായി ബാധിച്ചിരിക്കുകയാണ്. പ്രതിദിനം ഏകദേശം രണ്ട് ലക്ഷം കിലോഗ്രാം ഇറച്ചി കേരളത്തിലെത്തുന്നതായാണ് വ്യാപാരികൾ പറയുന്നത്. മരങ്ങാട്ടുപള്ളി ഗ്രാമപഞ്ചായത്തിൽ ഇത് സംഭരിക്കുന്നതിന് അനുമതി നൽകിയതായും ആരോപണമുണ്ട്. ഈ ഇറച്ചി എവിടെ നിന്നാണ് എത്തുന്നതെന്നും നിയമാനുസൃത പരിശോധനകൾ നടക്കുന്നുണ്ടോയെന്നും സമഗ്രമായി അന്വേഷിക്കേണ്ടതാണ്.
ഈ സാഹചര്യത്തിലാണ് ഇടുക്കി, കോട്ടയം ജില്ലകളിലായി 700-ലധികം ഇറച്ചിക്കടകൾ June 12 മുതൽ പ്രവർത്തനം നിർത്തണ്ടതായി വന്നത്..നിലവിൽ ഹോട്ടലുകൾ, ബേക്കറികൾ, കാറ്ററിംഗ് സ്ഥാപനങ്ങൾ, കോൾഡ് സ്റ്റോറുകൾ എന്നിവ വഴി എത്തുന്ന മാംസത്തിന്റെ വലിയൊരു പങ്കും ഇത്തരം ഇറച്ചിയാണെന്നാണ് വ്യാപാരികളുടെ ആരോപണം. കിലോയ്ക്ക് ഏകദേശം ₹330 എന്ന നിരക്കിൽ വിപണി outlet കൾ വഴി പിടിച്ചെടുക്കാൻ ശ്രമിച്ചങ്കിലും പരാജയപെട്ടു. ഹോട്ടൽ ബേക്കറി, കേറ്ററിംഗ് സ്ഥാപനങ്ങൾ വഴി ഇത്തരം ഇറച്ചി വിറ്റഴിക്കുന്നു.

