ബീജിംഗ്: വിവാഹത്തിനു മുൻപായി കാമുകിയുടെ മാതാപിതാക്കളെ ആകർഷിക്കാൻ വേണ്ടി ഗ്യാസ്ട്രിക് ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായ ചൈനീസ് യുവാവ് ദിവസങ്ങൾക്കകം മരിച്ചു. ഹെനാൻ പ്രവിശ്യയിലെ സിൻക്സിയാങ് സ്വദേശിയായ 36-കാരനായ ലി ജിയാങ്ങ് ആണ് ശ്വസന സ്തംഭനം മൂലം മരണപ്പെട്ടത്.man undergoes weight-loss surgery to impress girlfriends parents.
കാമുകിയുടെ മാതാപിതാക്കളിൽ ഒരു മതിപ്പ് ഉണ്ടാകാനായാണ് ലി ജിയാങ് ശരീരഭാരം കുറയ്ക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, അത് പെട്ടെന്ന് വേണമെന്നതിനാല്‍ അദ്ദേഹം ഗ്യാസ്ട്രിക് ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനാകാന്‍ തീരുമാനിച്ചു. ലി ജിയാങിന് 174 സെന്‍റീമീറ്റർ ഉയരവും 130 കിലോഗ്രാമിൽ കൂടുതൽ ഭാരവുമുണ്ടായിരുന്നു. അമിതവണ്ണം കുറയ്ക്കുന്നതിലൂടെ വിവാഹ ചർച്ചകൾ സുഗമമാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ശസ്ത്രക്രിയ തിരഞ്ഞെടുത്തത്.
ഇയാൾക്ക് തന്റെ കാമുകിയെ വളരെ ഇഷ്ടമായിരുന്നു. അവളുടെ മാതാപിതാക്കളെ കാണുന്നതിന് മുമ്പ് ശരീരഭാരം കുറയ്ക്കണമെന്ന് ലി ആഗ്രഹിച്ചു. വിവാഹത്തിന് തയ്യാറെടുക്കുന്നതിനാലാണ് അയാൾ അത് ചെയ്തത്,” ലീയുടെ സഹോദരൻ സൗത്ത് ചൈന മോർണിംഗ് പോസ്റ്റിനോട് (SCMP) പറഞ്ഞു.
സെപ്റ്റംബർ 30-ന് ഷെങ്‌ഷൗവിലെ നയന്ത് പീപ്പിൾസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച ലീയെ ഒക്ടോബർ 2-നാണ് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് ഡോക്ടർമാർ ആദ്യം പറഞ്ഞിരുന്നു. തുടർന്ന് ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ജനറൽ വാർഡിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ, ഒക്ടോബർ 4-ന് രാവിലെ ലീയുടെ നില പെട്ടെന്ന് വഷളായി. ഒക്ടോബർ 5-ന് അദ്ദേഹം മരിച്ചു.
അതേസമയം ലി ശസ്ത്രക്രിയയ്ക്കുള്ള എല്ലാ ക്ലിനിക്കൽ മാനദണ്ഡങ്ങളും പാലിച്ചിരുന്നുവെന്നും, നില വഷളായപ്പോൾ ജീവനക്കാർ വേഗത്തിൽ പ്രതികരിച്ചുവെന്നും ആശുപത്രി അധികൃതർ ജിമു ന്യൂസിനോട് പറഞ്ഞു. മരണകാരണം കൃത്യമായി കണ്ടെത്താൻ പോസ്റ്റ്‌മോർട്ടം നടത്താൻ പ്രാദേശിക ആരോഗ്യ കമ്മീഷനോട് കുടുംബവും ആശുപത്രിയും സംയുക്തമായി അഭ്യർത്ഥിച്ചിരുന്നു.
അതിനിടെ “മരണകാരണം നിർണ്ണയിക്കുന്നതിനുള്ള ഏറ്റവും ആധികാരികമായ അടിസ്ഥാനം അന്തിമ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടായിരിക്കും,” ആശുപത്രി വ്യക്തമാക്കി.

