മലയാള മനോരമ പത്രാധിപസമിതിയില്‍ തലമുറമാറ്റം, മീഡിയ അക്കാദമി അധ്യക്ഷസ്ഥാനത്തേക്ക്
പനച്ചിപ്പുറം?
മലയാള മനോരമ പത്രാധിപസമിതിയില്‍ തലമുറമാറ്റം. മലയാള മനോരമയുടെ മുഖമായിരുന്ന ജോസ് പനച്ചിപ്പുറം വിരമിച്ചതിനു തൊട്ടുപിന്നാലെ പ്രധാന ചുമതലകളില്‍ അഴിച്ചുപണി നടത്തിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മനോരമയില്‍ 56 വര്‍ഷം സേവനമനുഷ്ഠിച്ച ശേഷം എഡിറ്റോറിയല്‍ ഡയറക്ടറായി തോമസ് ജേക്കബ് വിരമിച്ച ശേഷം ജോസ് പനച്ചിപ്പുറമായിരുന്നു ആ പദവിയില്‍. ഔദ്യോഗിക കാലാവധി പൂര്‍ത്തിയാക്കി റിട്ടയര്‍ ചെയ്ത ശേഷം വീണ്ടും സേവന കാലാവധി നീട്ടികൊടുത്തിരിക്കുകയായിരുന്നു പനച്ചിപ്പുറത്തിന്. മാനേജ്മെന്റിന് പ്രിയപ്പെട്ടവരെയാണ് സാധാരണയായി വീണ്ടും തുടരാന്‍ അനുവദിക്കാറ്.
പനച്ചി എന്ന പേരില്‍ മനോരമയുടെ എഡിറ്റോറിയല്‍ പേജില്‍ പംക്തി ചെയ്തിരുന്ന ജോസ് പനച്ചിപ്പുറം പത്രത്തിന്റെ വളര്‍ച്ചാവഴികള്‍ സാക്ഷ്യം വഹിച്ച മാധ്യമപ്രവര്‍ത്തകനാണ്. പത്രത്തിന് പുതിയ ഭാഷയും ശൈലിയും സംഭാവന ചെയ്ത് പത്രത്തെ പുതുകാലഘട്ടത്തിലേക്ക് ആനയിക്കുന്നതിനുളള സ്ട്രാറ്റജിയിലും നേതൃത്വം നല്കി. പി.ജെ ജോർജാണ് പുതിയ എഡിറ്റോറിയില്‍ ഡയറക്ടര്‍. പത്രത്തിന്റെ വാര്‍ത്താ വിഭാഗത്തിലെ ഏറ്റവും ഉയര്‍ന്ന തസ്തികയാണ് എഡിറ്റോറിയല്‍ ഡയറക്ടര്‍.
അതിനൊപ്പം മനോരമയുടെ കോട്ടയം കോ-ഓര്‍ഡിനേറ്റിംഗ് എഡിറ്ററായി കെ. ടോണി ജോസ് ചുമതലയേറ്റു. നേരത്തെ കോട്ടയം ബ്യൂറോ ചീഫായിരുന്ന ടോണി പിന്നീട് പത്രാധിപ സമിതിയുടെ ഭാഗമായി. കോപ്പി എഡിറ്ററായിരിക്കെയാണ് പ്രധാന ചുമതലയിലേക്കുളള നിയമനം. മനോരമയിലെ പുതുതലമുറ മാധ്യമ പ്രവര്‍ത്തകരില്‍ ശ്രദ്ധേയനാണ് ടോണി. കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദം ഒന്നാം റാങ്കോടെ നേടി. മികച്ച ചെറുകഥാകൃത്തും എഴുത്തുകാരനുമാണ്.ഫാക്ട് ചെക്ക് ഉൾപ്പെടെയുള്ളമനോരമയിലെ പ്രതിവാര സോഷൃൽ മീഡിയ പംക്തി കൈകാരൃം ചെയ്തിരുന്നതും ടോണിയാണ്.
മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടറായിരുന്ന തോമസ് ജേക്കബ് സംസ്ഥാന സര്‍ക്കാരിന്റെ മീഡിയ അക്കാദമിയുടെ ചെയര്‍മാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മീഡിയ അക്കാദമിയില്‍ ദേശാഭിമാനിയിലെ ആര്.എസ് ബാബുവായിരുന്നു കഴിഞ്ഞ പത്തുവര്‍ഷമായി അധ്യക്ഷന്‍. അടുത്തയിടെ സര്‍ക്കാര്‍ ആവശ്യപ്പെട്ടതുപ്രകാരം ബാബു സ്ഥാനമൊഴിഞ്ഞു. ബാബുവിനെതിരെ നിരവധി ആരോപണങ്ങള്‍ ഉയരുന്നുണ്ട്. പാര്‍ട്ടിയുടെ പോഷക സ്ഥാപനമായി അക്കാദമിയെ മാറ്റി എന്നാണ് പ്രധാന പരാതി. മീഡിയ അക്കാദമിയുടെ മുഖമാസികയിൽ പാർട്ടി സാഹിതൃം കുത്തിനിറച്ചും സഖാക്കൾക്ക് ഫെലോഷിപ്പുകൾ വാരികോരി കൊടുത്തും ബാബു അക്കാദമിയുടെ സ്വതന്ത്ര മാധൃ കാഴ്ചപ്പാടിന് മങ്ങലേല്പിച്ചു. അക്കാദമി അധ്യക്ഷസ്ഥാനത്തേക്ക് പ്രചരിക്കുന്ന പേരുകളില്‍ മുന്‍നിരയില്‍ ജോസ് പനച്ചിപ്പുറം, മനോരമയിലെ തന്നെ രണ്ടു വിരമിച്ച മാധ്യമപ്രവര്‍ത്തകര്‍, കേരളത്തിലെ പ്രമുഖ രാഷ്ട്രീയ ലേഖകന്‍, മാതൃഭൂമിയില്‍ നിന്നും വിരമിച്ച ജോര്‍ജ് പൊടിപാറ എന്നിവരാണ്. അക്കാദമിയെ പ്രൊഫഷണലാക്കുന്നതിന് അനുയോജ്യമായ അധ്യക്ഷനെയാവും സര്‍ക്കാര്‍ തീരുമാനിക്കുക എന്ന് അറിയുന്നു.

