ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ ‘മറ്റാരുണ്ട്, എൽഡിഎഫ് അല്ലാതെ’ എന്ന ഇടതുപക്ഷ പ്രചരണ മുദ്രാവാക്യം ശരിയായില്ലെന്ന് പാർട്ടി വിലയിരുത്തിയിട്ടുണ്ടെന്ന് മുൻ മന്ത്രി പി രാജീവ്. ജനങ്ങൾക്കിടയിൽ അത് മറ്റൊരു ബോധമാണ് സൃഷ്ടിച്ചത്. കംപ്യൂട്ടറിൽ ചെയ്യുന്നത് പോലെ ‘അൺഡൂ’ ചെയ്യാൻ ഇനി കഴിയില്ല. ഭാവിയിൽ ഇത്തരം സന്ദർഭങ്ങൾ കുറച്ചുകൂടി ശ്രദ്ധിച്ച് കൈകാര്യം ചെയ്യുമെന്നും പി രാജീവ് പറഞ്ഞു.
അവസാന അഞ്ച് വർഷങ്ങളിൽ പാർലമെന്റ്, പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ കനത്ത പരാജയമുണ്ടായപ്പോൾ പാർട്ടി പരിശോധിച്ചില്ല എന്ന ആരോപണം തെറ്റാണ്. തോൽവിയുടെ കാരണം പരിശോധിച്ച് എങ്ങനെ മാറ്റം വരുത്താമെന്ന് പാർട്ടി ചർച്ച ചെയ്തിരുന്നു. പക്ഷേ എൽഡിഎഫ് ഭരണകാലത്തെ വികസനപ്രവർത്തനങ്ങൾ തോൽവിയെ മറികടക്കാൻ സഹായിക്കുമെന്ന് നേതൃത്വവും അംഗങ്ങളും വിചാരിച്ചിരുന്നു. എന്നാൽ ആ ധാരണ തെറ്റായിപ്പോയി.

