കുറവിലങ്ങാട് : കേരളത്തിലെ ഏക സ്വയംഭൂ നരസിംഹസ്വാമി ക്ഷേത്രമായ കോഴാ നരസിംഹ സ്വാമി ക്ഷേത്രത്തിലെ നരസിംഹജയന്തി ആഘോഷത്തിന് ഏപ്രിൽ 30 ന് തുടക്കമാകും.
രാവിലെ 10.30 ന് ഗോവ ഗവർണർ അഡ്വ. പി എസ് ശ്രീധരൻ പിള്ള ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും. മോൻസ് ജോസഫ് എം എൽ എ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, പി സി കുര്യൻ, സന്ധ്യ സജികുമാർ, ഗുരുവായൂർ ദേവസ്വം ബോർഡ് അംഗം മനോജ് ബി നായർ, കെ. എസ്.കിഷോർ കുമാർ, ജി പ്രകാശ് വിവിധ സാമൂഹ്യ സാംസ്കാരിക നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.
രാവിലെ എട്ടു മുതൽ കൊടുങ്ങൂർ സരസ്വതി അമ്മ ടീച്ചറും സംഘവും നാരായണീയ പാരായണം നടത്തും. അക്ഷയ തൃതീയ ദിനത്തിലാണ് നരസിംഹ ജയന്തി ആഘോഷം ആരംഭിക്കുന്നത്. വിപുലമായ പരിപാടികളാണ് ഈ വർഷം നരസിംഹ ജയന്തിക്ക് ഒരുക്കിയിരിക്കുന്നത്. 30 ന് വൈകിട്ട് 5.30 മുതൽ ദശാവതാരം ചന്ദനം ചാർത്ത് ദർശനം ആരംഭിക്കും. മേയ് മൂന്നു മുതൽ പൈതൃകരത്നം ഡോ. ഉണ്ണികൃഷ്ണൻ നമ്പൂതിരി മുഖ്യ ആചാര്യനായി ശ്രീമദ് ഭാഗവത സപ്താഹം നടക്കും.
നരസിംഹ ജയന്തിയോട് അനുബന്ധിച്ചു ദിവസവും രാത്രി ഏഴിന് വിവിധ കലാപരിപാടികൾ നടക്കും.
30 ന് ഇടമുള വിനോദ് അവതരിപ്പിക്കുന്ന സംഗീത സദസ്സ്. ഒന്നിന് മാഞ്ഞൂർ രുദ്ര ശാസ്ത തിരുവാതിര കളി സംഘം അവതരിപ്പിക്കുന്ന തിരുവാതിര, തുടർന്നു കൈകൊട്ടിക്കളി. രണ്ടിന് നൃത്ത സന്ധ്യ. നാലിന് ആര്യ കെ സാബു, സൂര്യ കെ സാബു എന്നിവരുടെ സംഗീത സദസ്സ്. അഞ്ചിന് കുര്യനാട് ധ്വനി സ്കൂൾ ഓഫ് ഡാൻസ് വിദ്യാർത്ഥികളുടെ ഭരത നാട്യ രംഗപ്രവേശനം. ആറിന് വയലാ ശ്രീ മൂകാംബിക നൃത്ത വിദ്യാലയം അവതരിപ്പിക്കുന്ന നൃത്തധ്വനി. ഏഴിനു സോപാന ഗന്ധർവ്വൻ ഏലൂർ ബിജു അവതരിപ്പിക്കുന്ന സോപാന സംഗീതം. എട്ടിനു കൈകൊട്ടിക്കളി. ഒൻപതിനു ഗംഗാതരംഗം. ഗംഗ ശശിധരനും സംഘവും അവതരിപ്പിക്കുന്ന വയലിൻ ഫ്യൂഷൻ. പത്തിന് ഉച്ചക്ക് പന്ത്രണ്ടിന് ഭാഗവത സമർപ്പണം. രാത്രി ഏഴിനു കഥകളി കീചക വധം. പിശപ്പള്ളി രാജീവൻ കോട്ടക്കൽ മധു തുടങ്ങിയവർ പങ്കെടുക്കും.
നരസിംഹ ജയന്തി ദിനമായ പതിനൊന്നിനു രാവിലെ ഏഴു മുതൽ കദളിക്കുല സമർപ്പണം. 7:15 മുതൽ കേരളത്തിലെ പ്രമുഖരായ സംഗീത വാദ്യ കലാകാരന്മാർ പങ്കെടുക്കുന്ന പഞ്ചരത്ന കീർത്തനാലാപനം, തുടർന്നു കോഴിക്കോട് പ്രശാന്ത് വർമയും സംഘവും അവതരിപ്പിക്കുന്ന മാനസജപലഹരി. പന്ത്രണ്ടു മുതൽ ക്ഷേത്രം മനയത്താറ്റ് ഇല്ലത്തു അനിൽ ദിവാകരൻ നമ്പൂതിയുടെ മുഖ്യ കാർമികത്വത്തിൽ നടത്തുന്ന ലക്ഷമീ നരസിംഹ പൂജയുടെ ദർശനം. ഒരുമണി മുതൽ നരസിംഹ സ്വാമിയുടെ പിറന്നാൾ സദ്യ, വൈകിട്ട് 4:30 ന് വല്ലഭദേശം ഇന്ദ്രജിത് അവതരിപ്പിക്കുന്ന ഓർഗൻ കച്ചേരി, ഏഴു മുതൽ കല്ലറ കലക്ഷിതി ഡാൻസ് അക്കാദമി അവതരിപ്പിക്കുന്ന നടനാമൃതം.
നരസിംഹ ജയന്തി ആഘോഷ ദിനങ്ങളിൽ എത്തിച്ചേരുന്ന ഭക്തർക്ക് വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. അതിവിശാലമായ പന്തൽ, വിപുലമായ പാർക്കിംഗ് ക്രമീകരണങ്ങൾ, ദിവസവും ഉച്ചക്കും രാത്രിയും അന്നദാനം എന്നിവ ഉണ്ടാകും. ഭാഗവത സപ്താഹ ദിവസങ്ങളിൽ ഉച്ചക്ക് ഒന്നിന് വിവിധ നാരായണീയ സമിതികളുടെ നാരായണീയ പാരായണം നടക്കും.
ജി. പ്രകാശ്, ജയേഷ് പഞ്ചമി, പ്രകാശ് കുന്നേപറമ്പിൽ, അമൽ സുനിൽ കുമാർ. അനന്ദു മോഹൻദാസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.