പ്രോജക്ട് സീറോയില്‍ ആദ്യം കുടുങ്ങിയ ഡിവൈഎസ്പി അനില്‍കുമാര്‍ ‘മാസപ്പടി വീരന്’
അഴിമതിക്കെതിരെ കേരള പോലീസിന്റെ പ്രോജക്ട് സീറോയുടെ തുടക്കത്തിലെ കുടുങ്ങി ഡിവൈഎസ്പി.ഇതോടെ പോലീസിലെ അഴിമതി ചര്‍ച്ചയായി.പിടിച്ചെടുത്ത വാഹനം വിട്ടുകൊടുക്കാന്‍ അരലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ചേര്‍ത്തല ഡിവൈ.എസ്.പി കൊല്ലം കുണ്ടറ പടപ്പക്കര സ്വദേശി ടി. അനില്‍കുമാറാണ് വിജിലന്‍സ് പിടിയിലായത്. ചേര്‍ത്തല നഗരത്തിന് സമീപം തൈക്കല്‍ റൂട്ടിലെ വാടക വീട്ടില്‍ നിന്നാണ് ആലപ്പുഴ വിജിലന്‍സ് ഡിവൈ.എസ്.പി പി.വി.ബെന്നിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ആഭ്യന്തരമന്ത്രിയുടെ നാട്ടില്‍ നിന്നാണ് കൈക്കൂലി കേസില്‍ ഡിവൈഎസ്പി തന്നെ പിടിയിലായത്.
അഞ്ചുമാസം മുമ്പാണ് അനില്‍കുമാര്‍ ചേര്‍ത്തല ഡിവൈ.എസ്.പിയായി ചുമതലയേറ്റത്. കക്കൂസ് മാലിന്യം നീക്കം ചെയ്യുന്ന വാഹനം വിട്ടുകൊടുക്കാന്‍ ചേര്‍ത്തല കേന്ദ്രീകരിച്ച് കക്കൂസ് മാലിന്യ ക്ളീനിംഗ് സ്ഥാപനം നടത്തുന്നയാളില്‍ നിന്ന് 50,000 രൂപ വാടകവീട്ടില്‍ വച്ച് കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് സംഘം എത്തിയത്. ഇവരെ കണ്ടയുടന്‍ വീടിന്റെ കതക് വലിച്ചടച്ചശേഷം ടെറസില്‍ നിന്ന്ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച അനില്‍കുമാറിനെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. വീഴ്ചയില്‍ കാലിന് പരിക്കേറ്റ അനില്‍ കുമാറിനെ ആശുപത്രിയിലെത്തിച്ച് പ്രഥമശുശ്രൂഷ നല്‍കിയശേഷം കോട്ടയം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടുന്നതിനും സ്ഥാപനത്തിന്റെ മറ്റ് വാഹനങ്ങള്‍ പിടികൂടാതിരിക്കാനും ഒരു ലക്ഷം രൂപ അഡ്വാന്‍സും 25,000 മാസപ്പടിയും ഡിവൈ.എസ്.പി ഉടമയോട് ആവശ്യപ്പെട്ടു. 15,000 രൂപ മാസപ്പടി നല്കുന്ന സ്ഥാപന ഉടമ ഇക്കാര്യം വിജിലന്‍സിനെ അറിയിക്കുകയായിരുന്നു. വിജിലന്‍സ് നിര്‍ദ്ദേശ പ്രകാരം 50,000 രൂപ നല്‍കുന്നതിനിടെയാണ് പിടിയിലായത്.

