Spread the love

തദ്ദേശ തെരഞ്ഞെടുപ്പിന് കാഹളം മുഴങ്ങിയതോടെ വോട്ടുതേടിയുള്ള പരക്കം പാച്ചിലിലാണ് സ്ഥാനാര്‍ത്ഥികളായി ഇതിനോടകം പ്രഖ്യാപിക്കപ്പെട്ടവര്‍. എല്ലാ വീടുകളിലും ഒറ്റയ്ക്കും കൂട്ടമായുമൊക്കെ അവരെത്തുന്നു, വോട്ടര്‍മാരെ കാണാന്‍.

ഇങ്ങനെ വോട്ടു തേടിയെത്തിയ ഒരു സ്ഥാനാര്‍ത്ഥിയെ നായ കടിച്ച വാര്‍ത്തയാണ് പുതുതായി വരുന്നത്.
ഇടുക്കി ബൈസണ്‍വാലി പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ ആണ് സംഭവം. പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജാന്‍സി ബിജുവിനാണ് കടിയേറ്റത്. വോട്ട് തേടിയെത്തിയ വീട്ടിലെ നായയാണ് കടിച്ചത്.

ഇന്ന് രാവിലെ പ്രവര്‍ത്തകര്‍ക്കൊപ്പം പ്രചരണത്തിനിറങ്ങിയതായിരുന്നു. വോട്ട് തേടി പഞ്ചായത്തിലെ ഒരു വീട്ടില്‍ കയറിയപ്പോള്‍ നായ കെട്ടഴിഞ്ഞു കിടക്കുകയായിരുന്നു. കൂട്ടില്‍ ഇട്ടിട്ടുണ്ടായിരുന്നില്ല. ആളുകളെ കണ്ടപ്പോള്‍ നായ പാഞ്ഞടുത്തു.

ജാന്‍സിയ്ക്ക് ഒപ്പം ഉണ്ടായിരുന്ന പ്രവര്‍ത്തകര്‍ ഓടി. ജാന്‍സി ഓടിയെങ്കിലും നായ പിന്നാലെയെത്തി കടിച്ചു. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടി. വൈകിട്ടോടെ മണ്ഡലത്തില്‍ വീണ്ടും പ്രചാരണം ആരംഭിക്കുമെന്ന് ജാന്‍സി അറിയിച്ചു.