Spread the love

നടിയായും, നർത്തകിയായും പ്രശസ്തയാണ് അഞ്ജു അരവിന്ദ്. സിബി മലയിൽ സംവിധാനം ചെയ്ത അക്ഷരം എന്ന ചിത്രത്തിലൂടെ ആണ് അഞ്ജു മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത് പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സീരിയലുകളിലും സജീവമായി. ഇപ്പോൾ സ്വന്തമായി ഒരു നൃത്തവിദ്യാലയവും അഞ്ജു നടത്തുന്നുണ്ട്.

ഇപ്പോഴിതാ തന്റെ 50-ാം പിറന്നാളിന് തന്റെ വിദ്യാർത്ഥികൾ തന്ന സർപ്രൈസിനെക്കുറിച്ച് പറയുകയാണ് താരം.

‘‘എന്റെ ഇത്തവണത്തെ പിറന്നാളിന് എന്റെ മക്കളെന്നെ ശരിക്കും കരയിപ്പിച്ചു. സങ്കടം കൊണ്ടല്ല കെട്ടോ, സന്തോഷം കൊണ്ട്. സത്യത്തിൽ ഒരു കേക്ക് കട്ട് ചെയ്യാനോ, മനസ്സറിഞ്ഞ് സന്തോഷിക്കുവാനോ ഉള്ള മാനസികാവസ്ഥയിലായിരുന്നില്ല ഞാൻ. പക്ഷേ എന്റെ മക്കൾ സർപ്രൈസ് ആഘോഷം പ്ലാൻ ചെയ്തിട്ടുണ്ടായിരുന്നു.

”ഞാൻ പൊതുവെ കണിശക്കാരിയായ ടീച്ചറാണ്. ക്ലാസില്‍ വരാതിരുന്നാലോ ശ്രദ്ധിക്കാതിരുന്നാലോ ഒക്കെ അവരെ നല്ലപോലെ വഴക്കു പറയാറുണ്ട് ഞാൻ . നാലഞ്ച് വര്‍ഷം മുമ്പ് പതിനാല് വയസുള്ള എന്റെ വിദ്യാര്‍ഥിയെ നല്ലപോലെ വഴക്കു പറഞ്ഞു. നല്ല കഴിവുള്ള കുട്ടി ഒട്ടും പ്രാക്ടീസ് ഇല്ലാതെയായിരുന്നു ക്ലാസിന് വന്നത്. ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടിയുടെ മാതാപിതാക്കള്‍ എന്നെ പരാതി പറയാനായി വിളിച്ചു.”

”അവരുടെ ശ്രമം എന്നെ തിരുത്താനായിരുന്നു . പക്ഷേ ന്യൂജനറേഷന്‍ ആയാലും കഴിവുള്ള കുട്ടികളെ ഇതുപോലെ തന്നെ നേരെയാക്കണമെന്നാണ് ഞാന്‍ മറുപടിയായി പറഞ്ഞത്. ഇന്ന് ഈ സംഭവം പറയാന്‍ ഒരു കാരണമുണ്ട്. ഈ പിറന്നാള്‍ ദിവസം എന്റെ കുഞ്ഞുങ്ങളുടെ കണ്ണിലെ സ്‌നേഹം കണ്ടപ്പോള്‍, പിറന്നാള്‍ ആഘോഷിക്കാന്‍ അവര്‍ എടുത്ത എഫേര്‍ട്ട് കണ്ടപ്പോള്‍ സന്തോഷം തോന്നി, കണ്ണു നിറഞ്ഞു.”

”ആത്മാര്‍ഥമായാണ് നമ്മള്‍ പഠിപ്പിക്കുന്നതെങ്കില്‍ അവരുടെ നന്മയാണ് ആഗ്രഹിക്കുന്നതെങ്കില്‍ എത്ര വഴക്കു പറഞ്ഞാലും നമുക്ക് അവരോടുള്ള സ്‌നേഹവും കരുതലും അവര്‍ തിരിച്ചറിയും” എന്നാണ് അഞ്ജു അരവിന്ദ് പറയുന്നു.