ചടയമംഗലം: കൊല്ലം കുരിയോട് 13 വയസ്സുകാരനെ രണ്ടാനച്ഛൻ മർദിച്ച സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. മദ്യലഹരിയിലായിരുന്ന രാജേഷ് കുട്ടിയുടെ വസ്ത്രങ്ങൾ അഴിപ്പിച്ചശേഷം വടികൊണ്ട് മർദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. മർദനത്തിനിടെ തന്നെ ഉപദ്രവിക്കരുതെന്ന് പറഞ്ഞ് കുട്ടി കരഞ്ഞപേക്ഷിക്കുന്നതും അമ്മയെ വിളിച്ച് ഭയം പ്രകടിപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
രാജേഷ് സ്ഥിരമായി മദ്യപിച്ചെത്തി കുട്ടിയെ ഉപദ്രവിക്കാറുണ്ടെന്ന് അമ്മ ശാലിനി ആരോപിച്ചു. കുട്ടിയോട് രാജേഷിന് താൽപര്യമില്ലെന്നും കാരണമില്ലാതെ പോലും മർദിക്കുകയും അസഭ്യം പറയുകയും ചെയ്യാറുണ്ടെന്നും ശാലിനി പറഞ്ഞു.
സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. കൊല്ലം റൂറൽ എസ്പി, ചടയമംഗലം എസ്എച്ച്ഒ, ജില്ലാ ശിശു സംരക്ഷണ ഓഫിസർ എന്നിവരോട് കമ്മിഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്.

