Spread the love

കാൻപുർ : ബോക്സിങ് താരവും ജിം പരിശീലകയുമായ 26കാരിയെ റോഡരികിൽ മരിച്ചനിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ കാൻപുർ–പ്രയാഗ്‌രാജ് ദേശീയപാതയ്ക്ക് സമീപം വെള്ളിയാഴ്ചയാണ് മൻതാഷ കുമാരിയുടെ മൃതദേഹം കണ്ടെത്തിയത്. രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം. ശനിയാഴ്ച പോസ്റ്റ്‌മോർട്ടം കേന്ദ്രത്തിലെത്തിയ ബന്ധുക്കളാണ് മൻതാഷയെ തിരിച്ചറിഞ്ഞത്.

ഉന്നാവിലെ ഗംഗാഘട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഇഖ്‌ലാഖ് നഗർ സ്വദേശിനിയാണ് മൻതാഷ. സംഭവത്തിൽ കൊലപാതകമെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. മൻതാഷയുടെ കാമുകനെതിരെയാണ് ബന്ധുക്കൾ ആരോപണം ഉന്നയിച്ചത്.

കുടുംബാംഗങ്ങൾ പറയുന്നതനുസരിച്ച്, ദീപാവലിക്കുള്ള വസ്ത്രങ്ങളും മറ്റ് സാധനങ്ങളും വാങ്ങുന്നതിനായി വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് മൻതാഷ വീട്ടിൽനിന്ന് ഇറങ്ങിയത്. കാൻപുരിലെ ചകേരിയിലുള്ള ലാൽ ബംഗ്ലാ മാർക്കറ്റിലേക്കാണ് പോയത്. എന്നാൽ പിന്നീട് വീട്ടിൽ തിരിച്ചെത്തിയില്ല. വൈകിട്ട് ഏഴുമണിയോടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫായി. പല സ്ഥലങ്ങളിലും അന്വേഷിച്ചിട്ടും മൻതാഷയെ കണ്ടെത്താനാകാത്തതിനെ തുടർന്ന് ശനിയാഴ്ച കുടുംബം ഗംഗാഘട്ട് പൊലീസിൽ പരാതി നൽകി. കാൻപുരിൽ ഒരു യുവതിയുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചതിനെ തുടർന്ന് ബന്ധുക്കൾ പോസ്റ്റ്‌മോർട്ടം കേന്ദ്രത്തിലെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ മഹാരാജ്പുർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ദേശീയപാതയിലെ മഹോലി കോൾഡ് സ്റ്റോറേജ് വളവിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.