സാവോ ലൂയിസ്: ഹോട്ടലിന്റെ ഏഴാം നിലയിലെ ജനലിന്റെ അലുമിനിയം ഫ്രെയിം തകർന്നുവീണതിനെ തുടർന്ന് താഴേക്ക് പതിച്ച് 26കാരിക്ക് ദാരുണാന്ത്യം. റെനാറ്റ റെബേക്ക നെഗ്രാവോ സൽദാൻഹ ഡോസ് സാന്റോസ് ആണ് മരിച്ചത്. ബ്രസീലിലെ സാവോ ലൂയിസിലുള്ള പോണ്ട ഡി അരേയയിലെ റിയോ പോട്ടി ഹോട്ടലിലായിരുന്നു അപകടം.
ജനലിനോട് ചേർന്ന് ചാരിനിൽക്കുന്നതിനിടെയാണ് ഫ്രെയിം ഇളകി റെനാറ്റ താഴേക്ക് വീണത്. ഹോട്ടലിന്റെ പ്രവേശന കവാടത്തിന് മുകളിലേക്കാണ് യുവതി പതിച്ചത്. അപകടസമയത്ത് കാമുകനും യുവതിക്കൊപ്പമുണ്ടായിരുന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഹോട്ടലിന്റെ ഇടനാഴിയിലൂടെ ഇരുവരും നടന്നുവരുന്നതും പിന്നീട് റെനാറ്റ ജനൽപ്പടിയിൽ ഇരിക്കുന്നതിനിടെ ഫ്രെയിം തകർന്ന് താഴേക്ക് പതിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
അപകടസമയത്ത് ഇരുവരും ലഹരിവസ്തുക്കൾ ഉപയോഗിച്ചിരുന്നതായി പൊലീസ് അറിയിച്ചു. യുവതിയുടെ മരണത്തെ തുടർന്ന് കാമുകനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും പിന്നീട് വിട്ടയച്ചു. സംഭവത്തിൽ അസ്വാഭാവികതയില്ലെന്നും അപകടമരണമായാണ് കണക്കാക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി.

