Spread the love

കാക്കനാട്: ഇൻഫോപാർക്ക് റോഡിൽ അമിതവേഗത്തിലെത്തിയ സ്വകാര്യ ബസിടിച്ച് കാൽനടയാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. തൃശൂർ തോളൂർ പുളിഞ്ചേരി കായമ്പിള്ളിയിൽ എ. അക്ഷര (29) ആണ് മരിച്ചത്. കുസുമഗിരി ഹൊയ്ശാല ഇ ഹോംസിലായിരുന്നു താമസം. ഇൻഫോപാർക്കിലെ ഇ.വൈ കമ്പനിയിലെ ജീവനക്കാരിയായിരുന്നു അക്ഷര.

ഇന്നലെ രാവിലെ 8.20ഓടെ കുഴിക്കാട്ടുമൂല ജംക്‌ഷന് സമീപമായിരുന്നു അപകടം. ഫിറ്റ്നസ് സെന്ററിൽനിന്ന് മടങ്ങുകയായിരുന്ന അക്ഷര റോഡരികിലൂടെ നടക്കുന്നതിനിടെ എതിർദിശയിൽനിന്ന് അമിതവേഗത്തിലെത്തിയ ഇൻഫോപാർക്ക്–എറണാകുളം റൂട്ടിലെ സ്വകാര്യ ബസ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ യുവതിയുടെ ശരീരത്തിലൂടെ ബസിന്റെ പിൻചക്രം കയറിയിറങ്ങി.

ഗുരുതരമായി പരുക്കേറ്റ അക്ഷരയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടവുമായി ബന്ധപ്പെട്ട് ബസ് ഡ്രൈവർ കാക്കനാട് സ്വദേശി ബിനോയ് (43)യെ ഇൻഫോപാർക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. ബസും പൊലീസ് പിടിച്ചെടുത്തു.

ഓമനക്കുട്ടന്റെയും ലീലയുടെയും മകളാണ് അക്ഷര. ഭർത്താവ്: വരുൺ (എടപ്പാൾ പന്താവൂർ). സഹോദരി: അരുണിമ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് തൃശൂർ പാറമേക്കാവ് ശാന്തിഘട്ടിൽ നടന്നു.