വാഗമൺ: വാഗമണിലെ നാച്വറൽ ഇൻഫിനിറ്റി പൂളിലേക്ക് ഇറങ്ങുന്നതിനിടെ 800 അടി താഴ്ചയിലേക്ക് വീണ ഡോക്ടറെ പീരുമേട് അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ഉത്തർപ്രദേശ് സ്വദേശിയും സഞ്ജയ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഇഎൻടി സർജനുമായ സുഖിയ ജെയിൻ (28) ആണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റ ഡോക്ടറെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാഗമണിൽനിന്ന് ഏകദേശം രണ്ട് കിലോമീറ്റർ അകലെയുള്ള നാച്വറൽ ഇൻഫിനിറ്റി പൂളിലേക്ക് കുത്തനെയുള്ള പാതയിലൂടെ ഇറങ്ങുന്നതിനിടെയാണ് അപകടം. നടന്ന് ഇറങ്ങാനും തിരികെ കയറാനും പ്രയാസമുള്ള വഴിയിൽ കാൽ വഴുതിയാണ് ഡോക്ടർ താഴേക്ക് വീണത്. വീഴ്ചയിൽ പാദത്തിന് ഗുരുതരമായി പരുക്കേറ്റതോടെ നടക്കാൻ കഴിയാത്ത അവസ്ഥയിലായി.
വിവരമറിഞ്ഞ് പീരുമേട് അഗ്നിരക്ഷാസേന ഉടൻ സ്ഥലത്തെത്തി. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ നവാസിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ ആനന്ദ്, രജീഷ്, രാഗേഷ് ലാൽ, അലക്സ് സൈമൺ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ദുഷ്കരമായ പാതയിലൂടെ താഴെയെത്തിയ സംഘം ഡോക്ടറെ സുരക്ഷിതമായി കരയിലെത്തിച്ചു. തുടർന്ന് ഏകദേശം രണ്ട് കിലോമീറ്റർ നടന്ന് വാഗമൺ ജംക്ഷനിലെത്തിച്ച ശേഷം ആംബുലൻസിൽ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

