ഗ്വായാക്വിൽ : പള്ളിയിൽ കുർബാന തത്സമയ സംപ്രേഷണം നടത്തുന്നതിനിടെ പിന്നിലെ ചുമരിലുണ്ടായിരുന്ന കൂറ്റൻ മരക്കുരിശ് ദേഹത്തേക്ക് വീണ് കത്തോലിക്കാ വൈദികന് ദാരുണാന്ത്യം. ഫാ. പട്രീഷ്യോ ആൽഫ്രെഡോ സാഞ്ചസ് മൊളിനാരിയാണ് മരിച്ചത്. തെക്കേ അമേരിക്കൻ രാജ്യമായ എക്വഡോറിലെ ഗ്വായാക്വിലിലുള്ള ഔർ ലേഡി ഓഫ് പെർപെച്വൽ ഹെൽപ് പള്ളിയിൽ ഒക്ടോബർ 17നായിരുന്നു അപകടം.
പള്ളിയിലെ അൾത്താരയ്ക്ക് സമീപം നിന്ന് വിശ്വാസികളെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. വൈദികന് പിന്നിലെ ചുമരിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ മരക്കുരിശ് അപ്രതീക്ഷിതമായി ഇളകി അദ്ദേഹത്തിന്റെ തലയിലേക്ക് പതിക്കുകയായിരുന്നു. കുരിശിന്റെ ആഘാതത്തിൽ വൈദികൻ നിലത്തുവീഴുന്നതും ദൃശ്യങ്ങളിലുണ്ട്.
പള്ളിയിലെ ശുശ്രൂഷ തത്സമയം സംപ്രേഷണം ചെയ്തിരുന്നതിനാൽ അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. കുരിശ് വീണതോടെ പള്ളിയിലുണ്ടായിരുന്ന വിശ്വാസികൾ പരിഭ്രാന്തരായി നിലവിളിക്കുകയും വൈദികനെ സഹായിക്കാൻ ഓടിയെത്തുകയും ചെയ്തു.
അതേസമയം ഉടൻ വൈദ്യസഹായം ലഭ്യമാക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ലെന്നാണ് റിപ്പോർട്ടുകൾ. അപകടത്തിന്റെ സാഹചര്യങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്.

