നിയമവിദ്യാഭ്യാസം നീതിയുടെയും ഭരണഘടനാ മൂല്യങ്ങളുടെയും സംരക്ഷകരെ സൃഷ്ടിക്കണം: മന്ത്രി റോജി എം. ജോൺ
കോട്ടയം: നിയമവിദ്യാഭ്യാസം കേവലം ഒരു തൊഴിൽ നേടുന്നതിനുള്ള പഠനമല്ലെന്നും നീതി, സമത്വം, സ്വാതന്ത്ര്യം, ഭരണഘടനാ മൂല്യങ്ങൾ എന്നിവ സംരക്ഷിക്കുന്ന ഉത്തരവാദിത്തമുള്ള പൗരന്മാരെ സൃഷ്ടിക്കുന്ന പ്രക്രിയയാണെന്നും ഉന്നത വിദ്യാഭ്യാസ-സാമൂഹികനീതി വകുപ്പ് മന്ത്രി റോജി എം. ജോൺ പറഞ്ഞു. കാണക്കാരി സി.എസ്.ഐ. കോളജ് ഫോർ ലീഗൽ സ്റ്റഡീസിന്റെ ‘എക്സലൻസിയ–26’ ബിരുദദാന, കോഴ്സ് പൂർത്തീകരണ ചടങ്ങ് കോട്ടയം സി.എസ്.ഐ. റിട്രീറ്റ് സെന്ററിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോളജിൽ ആരംഭിക്കുന്ന പുതിയ പി.ജി. പ്രോഗ്രാം –എൽ. എൽ. എം.’ക്രിമിനൽ ലോ’യുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
സി.എസ്.ഐ. മധ്യകേരള മഹായിടവക ബിഷപ്പും കോളജ് മാനേജരുമായ റൈറ്റ് റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സമൂഹത്തിൽ നിയമവാഴ്ചയും ഭരണഘടനാ മൂല്യങ്ങളും ശക്തിപ്പെടുത്തുന്നതിൽ നിയമബിരുദധാരികൾക്ക് നിർണായക പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യം, സമത്വം, നീതി എന്നിവയുടെ മൂല്യങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കുന്നവരായിരിക്കണം നിയമവിദ്യാർത്ഥികൾ. അറിവ് മനസ്സിനെ രൂപപ്പെടുത്തുമ്പോൾ, സത്യസന്ധത വ്യക്തിത്വത്തെ രൂപപ്പെടുത്തുകയും നീതിബോധം ജീവിതത്തിന്റെ ലക്ഷ്യത്തെ നിർണയിക്കുകയും ചെയ്യുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചടങ്ങിൽ പഞ്ചവത്സര ബി.എ. എൽ.എൽ.ബി. (ഓണേഴ്സ്), ബി.കോം. എൽ.എൽ.ബി. (ഓണേഴ്സ്), ത്രിവത്സര എൽ.എൽ.ബി. കോഴ്സുകളുടെ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകളും അവാർഡുകളും വിതരണം ചെയ്തു.
മഹാത്മാഗാന്ധി സർവകലാശാല രജിസ്ട്രാർ പ്രൊഫ. ഡോ. ബിനു ജോർജ് വർഗീസ് ചടങ്ങിൽ പ്രത്യേക പ്രഭാഷണം നടത്തി.കോളജ് പ്രിൻസിപ്പൽ ഡോ. ജോർജ് ജോസഫ്,ബർസാർ കോശി എബ്രഹാം, സ്റ്റാഫ് അഡ്വൈസർ ബോണി ജെ. കുര്യാക്കോസ്, വൈസ് പ്രിൻസിപ്പൽ ഡോ. ജെയ്സി കരിങ്ങാട്ടിൽ, ബിരുദധാരികളുടെ പ്രതിനിധികളായി ജെറീന എ. ജോഷ്വാ (ബി.എ. എൽ.എൽ.ബി.), ജെനിറ്റ ജോജോ (ബി.കോം. എൽ.എൽ.ബി.), ജോ രാജ് (യൂണിറ്ററി എൽ.എൽ.ബി.) എന്നിവർ പ്രസംഗിച്ചു

