Spread the love

സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ വില്‍റ്റ്‌ഷെയര്‍ കൗണ്ടിയിലെ വാര്‍മിന്‍സ്റ്ററില്‍ തൃശൂര്‍ ഇരിങ്ങാലക്കുട കാഞ്ഞിരത്തിങ്കല്‍ സേവ്യര്‍ ലോനപ്പന്‍ (44) അന്തരിച്ചു.. തൃശൂർ ഇരിങ്ങാലക്കുട കാഞ്ഞിരത്തിങ്കൽ സേവ്യർ ലോനപ്പൻ (44) ആണ് മരിച്ചത്.

ഡേ ഷിഫ്റ്റിന് ജോലിക്ക് പോകേണ്ടിയിരുന്ന സേവ്യർ രാവിലെ എഴുന്നേൽക്കാതിരുന്നതിനെ തുടർന്ന് മക്കൾ വിളിച്ച് ഉണർത്താൻ ശ്രമിക്കുകയായിരുന്നു. പ്രതികരണമില്ലാത്തതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് കിടക്കയിൽ അനക്കമറ്റ നിലയിൽ കണ്ടെത്തിയത്. തുടർന്ന് അയൽവാസികളെ വിവരമറിയിക്കുകയും മെഡിക്കൽ സംഘം സ്ഥലത്തെത്തുകയും ചെയ്തു. പരിശോധനയിൽ മരണം സ്ഥിരീകരിച്ചു.

സംഭവസമയത്ത് ഭാര്യ നിജാ ജോസ് ഡ്യൂട്ടിയിലായിരുന്നു. രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന സേവ്യറിന് ഉറക്കത്തിനിടെ ഹൃദയാഘാതമുണ്ടായതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

മൂന്ന് വർഷം മുൻപാണ് സേവ്യർ മക്കളോടൊപ്പം ഡിപ്പെൻഡന്റ് വീസയിൽ യുകെയിലെത്തിയത്. ഭാര്യ ജോലി ചെയ്യുന്ന കെയർ ഹോമിൽ തന്നെയായിരുന്നു സേവ്യറും ജോലി ചെയ്തിരുന്നത്.

സേവ്യറിന്റെ മരണവിവരമറിഞ്ഞ് ലിങ്കൺഷെയറിൽ താമസിക്കുന്ന സഹോദരി സിജി ലോനപ്പനും ഭർത്താവ് ഷാജിൽ പൗലോസും വാർമിൻസ്റ്ററിൽ എത്തി. മറ്റൊരു സഹോദരി സിനി ചാക്കപ്പൻ ഇരിങ്ങാലക്കുടയിലാണ്.

പിതാവ്: ഇയ്യപ്പൻ ലോനപ്പൻ. മാതാവ്: പരേതയായ എൽസി. ഭാര്യ: നിജാ ജോസ്. മക്കൾ: ജോഷ്വാ സേവ്യർ (12), ജെറോം സേവ്യർ (5), ജെയ്റോ സേവ്യർ (3).

സേവ്യറിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് കുടുംബവും സുഹൃത്തുക്കളും. സംസ്കാരം യുകെയിൽ തന്നെ നടത്താനാണ് കുടുംബത്തിന്റെ തീരുമാനം.