ഹോങ്കോങ് : മോഡലും ഇൻഫ്ലുവൻസറുമായ എബി ചോയിയുടെ കൊലപാതകക്കേസിൽ മുൻ ഭർത്താവ് അലക്‌സ് ക്വാങ്, സഹോദരൻ ആന്റണി ക്വാങ്, പിതാവ് ക്വാങ് കൗ എന്നിവർ കോടതിയിൽ ഹാജരായി. യുവതിയുടെ ശരീരഭാഗങ്ങൾ വാടകവീട്ടിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ കൊലപാതകം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് പ്രതികൾക്ക് ചുമത്തിയിരിക്കുന്നത്.
മുഖം മറച്ചാണ് മൂന്ന് പ്രതികളും കോടതിയിലെത്തിയത്. കേസിന്റെ വിചാരണ കാണുന്നതിനായി നിരവധി പേർ കോടതിക്ക് മുന്നിൽ കാത്തുനിന്നു. പൊതുജനങ്ങൾക്ക് വിചാരണ വീക്ഷിക്കുന്നതിനായി കോടതിമുറിക്ക് പുറത്തും തത്സമയ സംപ്രേഷണം ഒരുക്കിയിട്ടുണ്ട്. ജൂറി വിചാരണ 45 ദിവസം വരെ നീണ്ടുനിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2023 ഫെബ്രുവരി 21നാണ് എബി ചോയിയെ കാണാനില്ലെന്ന പരാതി പൊലീസിന് ലഭിച്ചത്. അന്ന് 28 വയസ്സായിരുന്നു. മോഡലിങ് രംഗത്ത് സജീവമായിരുന്ന എബി ചോയി സാമൂഹിക പ്രവർത്തക എന്ന നിലയിലും ശ്രദ്ധ നേടിയിരുന്നു.
പരാതി ലഭിച്ച് മൂന്ന് ദിവസത്തിന് ശേഷം തായ് പോ ജില്ലയിലെ വാടകവീട്ടിൽ നടത്തിയ പരിശോധനയിലാണ് യുവതിയുടെ ശരീരഭാഗങ്ങൾ കണ്ടെത്തിയത്. റഫ്രിജറേറ്ററിൽ നിന്ന് രണ്ട് കാലുകളും പാചകച്ചട്ടിയിൽ നിന്ന് തലയോട്ടി, വാരിയെല്ലുകൾ, മുടി എന്നിവയും കണ്ടെത്തുകയായിരുന്നു. ശരീരം മുറിക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന ഉപകരണങ്ങളും യുവതിയുടെ വസ്ത്രങ്ങളും വീട്ടിൽനിന്ന് പൊലീസ് കണ്ടെടുത്തു.
എബി ചോയിക്ക് മുൻ ഭർത്താവുമായും അദ്ദേഹത്തിന്റെ കുടുംബവുമായും സാമ്പത്തിക തർക്കമുണ്ടായിരുന്നതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇതിന് പിന്നാലെയാണ് മുൻ ഭർത്താവിനെയും സഹോദരനെയും പിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തത്.
കൊലപാതകം, മൃതദേഹം നിയമാനുസൃതമായി സംസ്കരിക്കുന്നത് തടയൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കൊലപാതകക്കുറ്റം തെളിഞ്ഞാൽ ജീവപര്യന്തം തടവ് ലഭിക്കാം.

