Spread the love

കൈക്കുഞ്ഞുമായി തുടങ്ങിയ 12 വര്‍ഷത്തെ നിയമപോരാട്ടത്തില്‍ മാധ്യമപ്രവര്‍ത്തക സ്വപ്‌നയ്ക്ക് ഹൈക്കോടതിയുടെ അനുകൂല വിധി, മംഗളത്തിലെ അന്യായ പിരിച്ചുവിടലിനെതിരായ അസാധാരണ പോരാട്ടം നിയമവൃത്തങ്ങളിലും ചര്‍ച്ചയാകുന്നു

കോട്ടയം: തൊഴില്‍ നിഷേധത്തിനും അന്യായമായ പിരിച്ചുവിടലിനും എതിരെ 12 വര്‍ഷമായി നിയമയുദ്ധം നടത്തുന്ന മംഗളം പത്രത്തിലെ വനിതാ മാധ്യമപ്രവര്‍ത്തകയ്ക്ക് ഹൈക്കോടതിയില്‍ ആശ്വാസ വിജയം. അന്യായ പിരിച്ചുവിടലിനെതിരെ നല്‍കിയ അപ്പീലിൽ  മാധ്യമപ്രവര്‍ത്തക സ്വപ്ന പി.ജി നടത്തിയ സമാനതകളില്ലാത്ത നിയമ പോരാട്ടമാണ് വിജയം കണ്ടതും നിയമ വേദികളില്‍ പോലും ചര്‍ച്ചയായതും. കോട്ടയം പ്രസ്‌ക്ലബ് ജില്ലാ കമ്മറ്റി അംഗമായ സ്വപ്ന ശമ്പള നിഷേധം, അന്യായ ട്രാന്‍സ്ഫര്‍ എന്നിവയ്ക്കെതിരെ നീതി തേടുകയാണ്. ഹൈക്കോടതി ജേണലിലും ഈ പോരാട്ടം ഇടം പിടിക്കുമെന്നാണ് അറിയുന്നത്.

വനിതാ മാധ്യമപ്രവര്‍ത്തകയുടെ തൊഴില്‍ അവകാശവുമായി ബന്ധപ്പെട്ട നിയമപോരാട്ടം ഹൈക്കോടതി ജേണലില്‍ ഇടംപിടിക്കുന്നത് സംസ്ഥാനത്ത് ആദ്യമായാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വേജ് ബോര്‍ഡ്, സ്ഥലംമാറ്റം തുടങ്ങിയ വിഷയങ്ങളില്‍ സ്വപ്നയുടെയും കോട്ടയം പ്രസ് ക്ലബ് അംഗം മഞ്ജുവിന്റെയും നിയമപോരാട്ടം തുടരുകയാണ്

 

.കേരള പത്രപ്രവര്‍ത്തക യൂണിയനും കോട്ടയം പ്രസ് ക്ലബും നിയമ പോരാട്ടത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കി വരികയാണ്. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ.പി റജി, ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍, കോട്ടയം ജില്ലാ ഭാരവാഹികളായ അനീഷ് കുര്യന്‍, ജോബിന്‍ സെബാസ്റ്റിയന്‍ എന്നിവര്‍ ഈ പോരാട്ടത്തില്‍ നല്‍കുന്ന പിന്തുണയ്ക്ക് സ്വപ്ന നന്ദി അറിയിച്ചു.

ടി.പി പ്രശാന്ത്, സനില്‍കുമാര്‍ ഉള്‍പ്പട്ടെ കെയുഡബ്ള്യൂജെയുടെ മുന്‍ ഭരണ നേതൃത്വമാണ് ഈ വനിതാ മാധ്യമപ്രവര്‍ത്തകരുടെ തനിച്ചുളള നിയമയുദ്ധത്തിന് പത്രപ്രവര്‍ത്തക യൂണിയന്റെ പിന്തുണയും സഹകരണവും നല്‍കുന്നതിന് മുന്‍കൈ എടുത്തത്. മംഗളത്തില്‍ നിന്നും പിരിച്ചുവിട്ടശേഷം അന്നത്തെ കോട്ടയം ജില്ലാ പ്രസ്‌ക്ലബ് നേതൃത്വത്തെ സമീപിച്ചപ്പോള്‍ നിയമപരമായ കാര്യങ്ങള്‍ക്ക് സഹായിക്കാനാവില്ലെന്ന നിലപാടാണ് സ്വീകരിച്ചതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. മംഗളം പത്രത്തിലെ പത്രപ്രവര്‍ത്തകരിലെ മാനേജ് മെന്റ് പക്ഷപാതികള്‍ ഈ നിയമപോരാട്ടത്തെ അട്ടിമറിക്കാന്‍ ഒത്താശ ചെയ്തു എന്ന ആരോപണവും ഉയര്‍ന്നിരുന്നു.

സ്വപ്ന പ്രസ് ക്ലബ്ബില്‍ ജില്ലാ കമ്മറ്റി തെരഞ്ഞടുപ്പില്‍ മത്സരിച്ചപ്പോള്‍ മംഗളം- ദേശാഭിമാനി സഖ്യം അവര്‍ക്കെതിരെ സ്ഥാനാര്‍ഥിയെ നിര്‍ത്തി പരാജയപ്പെടുത്താനും ശ്രമിച്ചു. ഈ പ്രതിസന്ധികളെ എല്ലാം ചെറുത്തു തോല്പിക്കാന്‍ സ്വപ്നക്ക് കഴിഞ്ഞു.

മംഗളം പബ്ലിക്കേഷന്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിലെ സബ് എഡിറ്ററായിരുന്ന സ്വപ്ന പി.ജിയുടെ ഹര്‍ജിയിലാണ് ജസ്റ്റിസ് പി. ഗോപിനാഥ് അനുകൂല വിധി പ്രഖ്യാപിച്ചത്. 2026 സെപ്റ്റംബര്‍ രണ്ടിനാണ് വിധി പ്രസ്താവിച്ചത്.തൊഴിലാളിയുമായി ബന്ധപ്പെട്ട തര്‍ക്കം അനുരഞ്ജന നടപടികളില്‍ (conciliation proceedings) നിലനില്‍ക്കെ, അതേ തര്‍ക്കവുമായി ബന്ധപ്പെട്ട അച്ചടക്ക നടപടിയുടെ പേരില്‍ ജീവനക്കാരിയെ പിരിച്ചുവിടുന്നതിന് ബന്ധപ്പെട്ട അധികാരിയുടെ മുന്‍കൂര്‍ രേഖാമൂലമുള്ള അനുമതി നിര്‍ബന്ധമാണെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി.പിന്നീട് ലേബര്‍ കോടതിയില്‍ നിന്ന് ലഭിക്കുന്ന അംഗീകാരം ഈ മുന്‍കൂര്‍ അനുമതിക്ക് പകരമാകില്ലെന്നും കോടതി വ്യക്തമാക്കി.

2000 ഒക്ടോബര്‍ ഒന്നുമുതല്‍ സ്ഥാപനത്തില്‍ സബ് എഡിറ്ററായി ജോലി ചെയ്തിരുന്ന സ്വപ്നയെ കോട്ടയം ഡെസ്‌കില്‍ നിന്ന് കണ്ണൂര്‍ ഡെസ്‌കിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. സ്ഥലംമാറ്റം തന്നെ പീഡിപ്പിക്കാനുള്ള നടപടിയാണെന്ന് ആരോപിച്ച് സ്വപ്ന കോട്ടയം ജില്ലാ ലേബര്‍ ഓഫീസറെ സമീപിച്ചു. വിഷയം അനുരഞ്ജന നടപടിയില്‍ പരിഗണനയിലിരിക്കെയാണ് കണ്ണൂരില്‍ ജോലിയില്‍ പ്രവേശിച്ചില്ലെന്നാരോപിച്ച് സ്വപ്നയ്ക്കെതിരെ അച്ചടക്ക നടപടി ആരംഭിച്ചത്. തുടര്‍ന്ന് 2015 ഫെബ്രുവരി 19ന് അവരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു.

പിരിച്ചുവിടലിന് ശേഷം, ലേബര്‍ കോടതിയില്‍ നിലവിലുണ്ടായിരുന്ന മറ്റ് ചില തര്‍ക്കങ്ങള്‍ ചൂണ്ടിക്കാട്ടി മംഗളം പബ്ലിക്കേഷന്‍സ് Industrial Disputes Act-ലെ Section 33(2)(b) പ്രകാരം പിരിച്ചുവിടലിന് അംഗീകാരം തേടി. ലേബര്‍ കോടതി നടപടി അംഗീകരിച്ചു. ഇതിനെതിരെയാണ് സ്വപ്ന ഹൈക്കോടതിയെ സമീപിച്ചത്.

Industrial Disputes Act-ലെ Section 33(1)(b) പ്രകാരം, നിലവിലുള്ള വ്യവസായ തര്‍ക്കവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ജീവനക്കാരനെ പിരിച്ചുവിടുകയോ ശിക്ഷിക്കുകയോ ചെയ്യണമെങ്കില്‍, ആ തര്‍ക്കം പരിഗണിക്കുന്ന അധികാരിയില്‍ നിന്ന് മുന്‍കൂര്‍ രേഖാമൂലമുള്ള അനുമതി നേടണം. എന്നാല്‍ നിലവിലുള്ള തര്‍ക്കം പിരിച്ചുവിടലിന് കാരണമായ അച്ചടക്ക നടപടിയുമായി ബന്ധമില്ലാത്തതാണെങ്കില്‍ Section 33(2)(b) പ്രകാരം പിരിച്ചുവിട്ടതിന് ശേഷം അംഗീകാരം തേടാം.

സ്വപ്നയുടെ കാര്യത്തില്‍ സ്ഥലംമാറ്റത്തെച്ചൊല്ലിയുള്ള തര്‍ക്കവും പിന്നീട് ഉണ്ടായ അച്ചടക്ക നടപടിയും തമ്മില്‍ നേരിട്ടുള്ള ബന്ധമുണ്ടെന്ന് ഹൈക്കോടതി വിലയിരുത്തി. കണ്ണൂരില്‍ ജോലിയില്‍ പ്രവേശിക്കാത്തതാണ് പിരിച്ചുവിടലിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടിയത്. അതിനാല്‍ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട തര്‍ക്കം പരിഗണിച്ചിരുന്ന ജില്ലാ ലേബര്‍ ഓഫീസറുടെ മുന്‍കൂര്‍ അനുമതി ആവശ്യമായിരുന്നുവെന്ന് കോടതി വ്യക്തമാക്കി. സ്വപ്നയുടെ പോരാട്ട വിജയം മധ്യമം
പത്രത്തിലെ സ്ഥിരം ജീവനക്കാര്‍ക്ക് കഴിഞ്ഞ എട്ട് മാസമായി ശമ്പളം ലഭിച്ചിട്ടില്ലെന്ന കാരണത്താല്‍ സമരം ചെയ്യന്ന പത്രപ്രവര്‍ത്തകര്‍ക്കും ആവേശമായി മാറി. കൂടാതെ സ്ഥിരം ജീവനക്കാരെ നിര്‍ബന്ധിച്ച് രാജിവെപ്പിക്കുകയും, കുറഞ്ഞ ആനുകൂല്യങ്ങളും കുറഞ്ഞ ശമ്പളവുമുള്ള കരാര്‍ അടിസ്ഥാനത്തിലുള്ള (Contract) ജോലിയിലേക്ക് മാറ്റാന്‍ മാനേജ്‌മെന്റ് ശ്രമിക്കുന്നുവെന്നും മാധ്യമത്തിലെ ജീവനക്കാര്‍ ആരോപിക്കുന്നു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഇതിനെതിരെ ശക്തമായ സമരം നടത്തുകയാണ്.