Spread the love

ആലുവ : ചൂർണിക്കരയിലെ ഫ്ലാറ്റ് സമുച്ചയത്തിൽ ഉപയോഗിക്കാതെ കിടന്നിരുന്ന കാറിനുള്ളിൽ 45കാരിയെ മരിച്ചനിലയിൽ കണ്ടെത്തി. ഐശ്വര്യ ഫ്ലാറ്റിന്റെ കോമ്പൗണ്ടിൽ നിർത്തിയിട്ടിരുന്ന കാറിന്റെ പിൻസീറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.

പാലക്കാട് കല്ലടിക്കോട് സ്വദേശിനി അനില തോമസാണ് മരിച്ചത്. കഴിഞ്ഞ മൂന്ന് മാസമായി അനില ഫ്ലാറ്റിൽ ഒറ്റയ്ക്കായിരുന്നു താമസം. കാൻസർ ചികിത്സയിലായിരുന്ന ഇവർ ഇടയ്ക്കിടെ വളർത്തുനായയുമായി പുറത്തേക്ക് നടക്കാൻ ഇറങ്ങിയിരുന്നതായി ഫ്ലാറ്റിലെ താമസക്കാർ പറഞ്ഞു.

അനിലയെക്കുറിച്ച് ഫ്ലാറ്റിലെ മറ്റ് താമസക്കാർക്ക് കാര്യമായ വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഏറെക്കാലം തിരുവനന്തപുരത്തെ ഐ.ടി. മേഖലയിൽ ജോലി ചെയ്തിരുന്നതായി ചിലരോട് അനില പറഞ്ഞിരുന്നതായും വിവരമുണ്ട്.

ഫ്ലാറ്റിൽ താമസിക്കുന്ന സനലിന്റെ ഉടമസ്ഥതയിലുള്ളതാണ് മൃതദേഹം കണ്ടെത്തിയ കാർ. നികുതി കാലാവധി കഴിഞ്ഞതിനാൽ വാഹനം സ്ഥിരമായി ഉപയോഗിക്കാറില്ലായിരുന്നു. ഇതുമൂലം കാറിനുള്ളിൽ മൃതദേഹം ഉണ്ടായിരുന്നത് ശ്രദ്ധയിൽപ്പെടാൻ വൈകിയതായാണ് വിവരം.

മൃതശരീരത്തിന് ഏകദേശം രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.