Spread the love

വിളവൂർക്കൽ: വിവാഹവാർഷിക ദിനത്തിൽ ഒരുകുഞ്ഞിന്റെ കളിചിരി നിറയേണ്ട വീട്ടില്‍, ഇപ്പോള്‍ അവശേഷിക്കുന്നത് താങ്ങാനാകാത്ത നിശ്ശബ്ദത മാത്രം. ഒന്നരവയസുകാരിയായ മകളെ അമ്മ തന്നെ കഴുത്തറത്ത് കൊലപ്പെടുത്തിയ ഞെട്ടിക്കുന്ന സംഭവമാണ് വിളവൂര്‍ക്കലില്‍ നടന്നത്. വിളവൂർക്കൽ പൊറ്റയിൽ പുലവന്നിയൂർക്കോണത്ത് നീതു എന്ന ക്രിസ്റ്റി(29)യാണ് ഒരുവയസ്സും ഒരുമാസവും പൂർത്തിയായ മകൾ ഇവാനയെ വ്യാഴാഴ്ച ഉച്ചയ്ക്ക് ഉറങ്ങിക്കിടക്കവേ കഴുത്തറത്ത് കൊന്നത്.

താൻ ഭർതൃവീട്ടിൽ ഒറ്റപ്പെടൽ നേരിടുന്നതിനാലാണ് കുഞ്ഞിനെ കൊന്നതെന്നാണ് അമ്മ പോലീസിനോടു പറഞ്ഞത്. മലയിൻകീഴ് പോലീസ് സ്ഥലത്തെത്തി ക്രിസ്റ്റിയെ കസ്റ്റഡിയിലെടുത്തു. കുഞ്ഞിനെ കൊന്നശേഷം താനും മരിക്കാൻ തീരുമാനിച്ചിരുന്നതായി ക്രിസ്റ്റി പോലീസിനോടു പറഞ്ഞു. താൻ മരിച്ചാൽ കുഞ്ഞ് ഒറ്റപ്പെടുമെന്നതിനാലാണ് കുഞ്ഞിനെ കൊന്ന് ആത്മഹത്യചെയ്യാൻ തീരുമാനിച്ചതെന്ന് അവർ പോലീസിനോടു പറഞ്ഞു. തന്റെ ഭർതൃ വീട്ടുകാർ തന്നെ സംശയത്തോടെയാണ് കണ്ടിരുന്നത്. കുന്നുകുഴിയിലെ തന്റെ വീട്ടിലേക്ക്‌ അയക്കാറില്ലെന്നും സ്വന്തം ഇഷ്ടപ്രകാരമുള്ള ആഹാരം പാകംചെയ്യുന്നതിനുപോലും അനുവാദമുണ്ടായിരുന്നില്ലെന്നും ക്രിസ്റ്റി പറഞ്ഞു.

വ്യാഴാഴ്ച ഉച്ചഭക്ഷണത്തിനുശേഷം മുറിയിൽക്കയറി വാതിലടച്ച് കുഞ്ഞിനെ ഉറക്കിയതിനു പിന്നാലെയായിരുന്നു നാടിനെ നടുക്കിയ അമ്മയുടെ ക്രൂരകൃത്യം.

അതേസമയം സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അമ്മയ്ക്ക് എന്തെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടോയെന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.