കാൺപൂർ∙ ഉത്തർപ്രദേശിലെ കാൺപൂരിൽ മരുന്ന് വ്യാപാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ മരുമകളടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാൺപൂർ സ്വദേശിയായ വിനീത് മിനോച്ച (63) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വിനീതിന്റെ മരുമകൾ ഷാലു (36), മുൻ ജീവനക്കാരൻ വിശാൽ, ഇയാളുടെ കൂട്ടാളി രാജ് കിഷോർ എന്നിവരാണ് അറസ്റ്റിലായത്.
ശനിയാഴ്ചയാണ് വിനീതിനെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഫ്ലാറ്റിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന് സംശയിക്കുന്ന വിശാലിനെയും രാജ് കിഷോറിനെയും തിരിച്ചറിഞ്ഞു. ഞായറാഴ്ച വൈകിട്ടോടെ ഇരുവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.
ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന് പിന്നിലെ ആസൂത്രണം സംബന്ധിച്ച വിവരങ്ങൾ പൊലീസിന് ലഭിച്ചത്. ഷാലുവിന്റെ നിർദേശപ്രകാരമാണ് വിനീതിനെ കൊലപ്പെടുത്തിയതെന്ന് വിശാലും രാജ് കിഷോറും മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. തുടർന്ന് ഷാലുവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
ആദ്യഘട്ടത്തിൽ കുറ്റം നിഷേധിച്ച ഷാലു പിന്നീട് കൊലപാതകത്തിൽ പങ്കുണ്ടെന്ന് സമ്മതിച്ചതായാണ് പൊലീസ് പറയുന്നത്. ഭർതൃപിതാവ് സിസിടിവി ഉപയോഗിച്ച് തന്നെ നിരന്തരം നിരീക്ഷിച്ചിരുന്നെന്നും രാത്രിയിലെ പാർട്ടികളിൽ പങ്കെടുക്കുന്നതിനെയും വൈകി വീട്ടിലെത്തുന്നതിനെയും അദ്ദേഹം എതിർത്തിരുന്നെന്നും ഷാലു മൊഴി നൽകിയതായി പൊലീസ് വ്യക്തമാക്കി.
കുടുംബം സാമ്പത്തികമായി സമ്പന്നമായിരുന്നെങ്കിലും സ്വന്തം സാമ്പത്തിക കാര്യങ്ങളിൽ സ്വാതന്ത്ര്യമുണ്ടായിരുന്നില്ലെന്നും തനിക്കും ഭർത്താവിനും ആവശ്യമായ പണത്തിനായി ഭർതൃപിതാവിനെ ആശ്രയിക്കേണ്ടിവന്നിരുന്നെന്നും ഷാലു പൊലീസിനോട് പറഞ്ഞതായും റിപ്പോർട്ടുണ്ട്.
ജൂലൈ 28ന് രാത്രി വൈകി വീട്ടിലെത്തിയതിനെ തുടർന്ന് വിനീത് ഷാലുവിനെ ശകാരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഭർതൃപിതാവിനെ കൊലപ്പെടുത്താൻ ഷാലു തീരുമാനിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇതിനായി മുൻ ജീവനക്കാരനായ വിശാലിനെ സമീപിക്കുകയും ആറുലക്ഷം രൂപ പ്രതിഫലം വാഗ്ദാനം ചെയ്യുകയും ചെയ്തു. സെപ്റ്റംബർ 6ന് രണ്ട് ലക്ഷം രൂപ മുൻകൂറായി നൽകിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

