വീണാ ജോര്‍ജിനെതിരായ ആക്രമണം: തുടര്‍ അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം : മുന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കെഎസ്യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ പ്രത്യേക അന്വേഷണ സംഘം ( എസ്‌ഐടി) തുടര്‍ അന്വേഷണത്തിന് തുടക്കമിട്ടു. വീണാ ജോര്‍ജിന്റെയും ഗണ്‍മാന്റെയും മൊഴി രേഖപ്പെടുത്താനാണ് നീക്കം. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും എസ്ഐടി പരിശോധിക്കും.
കേസില്‍ തുടരന്വേഷണത്തിനായി എസ്ഐടി രൂപീകരിച്ച് ഡിജിപി ഉത്തരവിറക്കിയത്. നാലാം സായുധ ബറ്റാലിയന്‍ കമാന്‍ഡന്റ് യു.പ്രേമനെ തലവനായും കണ്ണൂര്‍ സിറ്റി അസി.കമ്മിഷണര്‍ എ.പി.ആസാദിനെ അന്വേഷണ ഉദ്യോഗസ്ഥനുമായാണ് നിയമിച്ചത്. കേസില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കണ്ണൂര്‍ എം.എല്‍.എ ടി.ഒ.മോഹനന്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നാണ് പ്രധാനമായും എസ്ഐടി അന്വേഷിക്കുന്നത്.
നിലവില്‍ റെയില്‍വേ പൊലീസ് അന്വേഷിക്കുന്ന കേസാണിത്. റെയില്‍വേ സ്റ്റേഷനിലെ പ്രതിഷേധത്തിനിടെ വീണാ ജോര്‍ജിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചെന്ന കേസില്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അടക്കം 5 കെ.എസ്.യു പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തിരുന്നു. ഇവര്‍ക്ക് പിന്നീട് ജാമ്യം ലഭിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്, യൂത്ത് കോണ്‍ഗ്രസ് കെ.എസ്.യു പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട പ്രതിഷേധ സംഭവങ്ങളില്‍ യു.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന മൂന്നാമത്തെ തുടരന്വേഷണമാണിത്.
പ്രതിഷേധത്തിനിടെ കെ.എസ്.യു പ്രവര്‍ത്തകര്‍ ആയുധം ഉപയോഗിച്ച് മന്ത്രിക്ക് നേരെ ചാടി വീണെന്നും കഴുത്തിന് പരിക്കേല്‍പ്പിച്ചെന്നുമുള്ള ഗണ്‍മാന്റെ മൊഴിയിലായിരുന്നു കേസെടുത്തത്. മാസങ്ങള്‍ക്ക് ശേഷം റെയില്‍വേ പൊലീസിന് നല്‍കിയ മൊഴിയില്‍ ഉന്തിലും തള്ളിലുമാണ് പരിക്കേറ്റതെന്ന് വീണാ ജോര്‍ജ്ജ് വ്യക്തമാക്കിയിരുന്നു.

