Spread the love

ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അതിരുവിടുന്നു എന്ന വിമര്‍ശനവുമായി ഡോക്ടര്‍മാര്‍

ആരോഗ്യമന്ത്രി കെ. മുരളീധരന്റെ പ്രൈവറ്റ് സെക്രട്ടറി ഡോക്ടര്‍മാരോടും മറ്റ് ആരോഗ്യ പ്രവര്‍ത്തകരോടും നിരന്തരം അപമര്യാദയോടെയും അഹങ്കാരത്തോടെയും പെരുമാറുന്നുവെന്ന് കേരള ഗവണ്‍മെന്റ് ്‌മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ (കെജിഎംഒഎ) വ്യാഴാഴ്ച ആശുപത്രി സന്ദര്‍ശിക്കുന്നതിനിടെ ഒരു കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ മുതിര്‍ന്ന ഡോക്ടറും സിവില്‍ സര്‍ജനുമായ ഡോക്ടറോട്ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അനാദരവോടെ പെരുമാറിയതിനെ കെജിഎംഒഎയുടെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പരസ്യമായി കുറ്റപ്പെടുത്തി. ഇതില്‍ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു.സംഭവത്തില്‍ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കെതിരെ കെജിഎംഒഎ ഔദ്യോഗികമായി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളില്‍ ഔദ്യോഗിക പരിശോധന നടത്താനോ അതിന്റെ ഭരണപരമായ കാര്യങ്ങളില്‍ നേരിട്ട് ഇടപെടാനോ ഔദ്യോഗിക അധികാരമില്ലെന്ന് കെജിഎംഒഎ ചൂണ്ടിക്കാട്ടി.

പ്രൈമറി, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍ ഔദ്യോഗികമായി രാവിലെ 9 മണിക്ക് പ്രവര്‍ത്തനം ആരംഭിക്കണമെന്നാണ് നിഷ്‌കര്‍ഷിച്ചിട്ടുണ്ടെങ്കിലും, രാവിലെ 8 മണിക്ക് ജോലിക്ക് ഹാജരാകാത്തതില്‍ ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സീനിയര്‍ മെഡിക്കല്‍ ഓഫീസറെ പരസ്യമായി ശാസിച്ചു. വര്‍ഷങ്ങളുടെ പരിചയസമ്പത്തുള്ള ഒരു വനിതാ ഡോക്ടറോടുള്ള ഇത്തരം ധിക്കാരപരമായ പെരുമാറ്റം ന്യായീകരിക്കാവുന്നതല്ലെന്നും അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും കെജിഎംഒഎ പറഞ്ഞു.

സംസ്ഥാനത്തെ പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിനായി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരുടെ മനോവീര്യം കെടുത്താനും അവരുടെ അന്തസ്സ് തകര്‍ക്കാനുമുള്ള ഇത്തരം അനാവശ്യ ഇടപെടലുകളും ശ്രമങ്ങളും സ്വീകാര്യമല്ലെന്ന് കെജിഎംഒഎ പറഞ്ഞു.