Spread the love

യൂജിനും,സിബി ചേനപ്പാടിയും ഡിസിസി പ്രസിഡന്റ് അന്തിമ ലിസ്റ്റില്‍ മുന്‍നിരയില്‍

കോട്ടയം: കോട്ടയം ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ അടുത്ത അധ്യക്ഷന്‍ ആരെന്ന ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലേക്ക്. ഡിസിസി ജനറല്‍ സെക്രട്ടറി യൂജിന്‍ തോമസ്, പ്രമുഖ അഭിഭാഷകന്‍ കൂടിയായ സിബി ചേനപ്പാടി എന്നിവരുടെ പേരുകളാണ് ഫൈനല്‍ ലിസ്റ്റില്‍ മുന്‍തൂക്കം എന്നാണ് സൂചന. കെപിസിസി നല്‍കുന്ന ലിസ്റ്റ് വിലയിരുത്തി ഇക്കാര്യത്തില്‍ അവസാന വാക്ക് ദേശീയ നേതൃത്വത്തിന്റേതാണ്. ചുരുക്കപട്ടികയില്‍ ഫില്‍സണ്‍ മാത്യൂസ്, ഫിലിപ്പ് ജോസഫ്, ഗോപകുമാര്‍, ചിന്റു കുര്യന്‍ ജോയി എന്നിപേരുകളും ഇടംപിടിച്ചിട്ടുണ്ട്. നാട്ടകം സുരേഷ് എംഎല്‍എയായതോടെയാണ് ഡിസിസി പ്രസിഡന്റ് സ്ഥാനം ഒഴിവായത്.

കോണ്‍ഗ്രസിലെ എല്ലാ ഗ്രൂപ്പുകള്‍ക്കും സ്വീകാര്യനായ നേതാക്കളായിരിക്കുമോ അതോ ഹൈക്കമാന്റുമായി ഏറെ അടുപ്പമുളളവരെയാണോ നിയോഗിക്കുക എന്ന് ഇപ്പോള്‍ പറയാറായിട്ടില്ല. എന്നാല്‍ ഭരണത്തിന് സുഗമമായി മുന്നോട്ടു പോകാന്‍ കഴിയുന്ന നേതാക്കള്‍ക്കാണ് പരിഗണന. ഫൈനല്‍ ലിസ്റ്റില്‍ ഇടം പിടിച്ച ഇരു നേതാക്കളും കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ വിശ്വസ്തരാണ്. എന്നാല്‍ സംസ്ഥാന നേതൃത്വത്തിന് എതിര്‍പ്പുമില്ല.

നാലുപതിറ്റാണ്ടായി സംഘടനാ രംഗത്തെ സമര്‍പ്പണമാണ് യുജിന്‍ തോമസിനെ പരിഗണിക്കുന്നതിന് പ്രധാന കാരണം. കോട്ടയം ഡിസിസി ഓഫീസ് വര്‍ഷങ്ങളായി ചലിപ്പിക്കുന്നത് യൂജിന്‍ തോമസിന്റെ നേതൃത്വത്തിലുളള സംഘമാണ്. നിശബ്ദമായി സംഘടനാ ഉത്തരവാദിത്തങ്ങള്‍ ഭംഗിയായി നിറവേറുന്ന നേതാവ് എന്നതാണ് യൂജിന്റെ പ്രത്യേകത. പദവികള്‍ക്കായോ പൊതുവേദികളിലോ ചിത്രത്തിനായി ഇടിക്കുന്ന പ്രവണതയും ഇല്ല.

കഴിഞ്ഞ തവണ നാട്ടകം സുരേഷിനൊപ്പം അവസാന റൗണ്ട് വരെ യൂജിന്റെ പേരുണ്ടായിരുന്നു. ചില സാമുദായിക ഇടപെടലുകളില്‍ യൂജിന്‍ പിന്തളളപ്പെട്ടു, എന്നാല്‍ ഇക്കുറി കോട്ടയം ഡിസിസി അധ്യക്ഷ പദം കത്തോലിക്കാ സമുദായ അംഗത്തിന് നല്‍കണമെന്ന് ഏറെക്കുറെ ധാരണയായിട്ടുണ്ട്. ഇതാണ് ഇരുവര്‍ക്കുമുളള സാധ്യത വര്‍ധിപ്പിക്കുന്നത്.

അഭിഭാഷകന്‍ എന്ന നിലയില്‍ കോണ്‍ഗ്രസിന്റെ നിയമകാര്യങ്ങളിലും സംഘടനാ തലത്തിലുളള കേസുകളിലും ഇടപെടുന്നത് സിബി ചേനപ്പാടിയാണ്. കോട്ടയം ബാറിലെ ലീഡിംഗ് ക്രിമിനല്‍ അഭിഭാഷകനുമാണ്. അഡ്വക്കേറ്റ് ജനറല്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട അഭിഭാഷകരില്‍ ഒരാളുമാണ്. കാഞ്ഞിരപ്പള്ളി നിയമസഭാ സീറ്റില്‍ ആദ്യം ചേനപ്പാടിയെ പരിഗണിച്ചു. എന്നാല്‍ പിന്നീട് റോണിയിലേക്ക് മാറി. കാഞ്ഞിരപ്പള്ളിയിയെ കോളജ് അധ്യാപകന്‍ എന്നതാണ് റോണിക്ക് പോസിറ്റീവായത്. അതിനാല്‍ സംഘടനാ തലത്തിലെ പുന സംഘടനയില്‍ സിബിയെ പരിഗണിക്കുമെന്നാണ് ഈ വിഭാഗത്തിന്റെ പ്രതീക്ഷ. ഫില്‍സണ്‍ മാത്യൂസ് യുഡിഎഫ് കണ്‍വീനറാണ് നിലവില്‍. ട്രേഡ് യൂണിയന്‍ സംഘടനാ രംഗത്തെ കോട്ടയത്തിന്റെ മുഖമാണ് ഫിലിപ്പ് ജോസഫ്. ഡിസിസി നേതൃപദവികളിലേക്ക് പരിഗണിക്കപ്പെടുന്ന നേതാവാണ് അനിയന്‍ മാത്യു. യുവ നേതൃത്വത്തിനാണ് മുന്‍ഗണന നല്‍കുന്നതെങ്കില്‍ ചിന്റു കുര്യന്‍ ജോയിക്കായിരിക്കും നറുക്ക് വീഴുക.

കോട്ടയത്ത് സ്ഥിരതാമസക്കാരനും കാഞ്ഞിരപ്പള്ളിയിൽ ശക്തമായ കുടുംബ വേരുകളുള്ള വിരമിച്ചിട്ടും പ്രമുഖ പത്രത്തിൽ ജോലിയിൽ തുടരുന്ന മുതിർന്ന മാധ്യമപ്രവര്‍ത്തകനും ഡിസിസി അധ്യക്ഷസ്ഥാനത്തേക്കുളള രാഷ്ട്രീയ നീക്കം ശക്തിപ്പെടുത്തിയിട്ടുണ്ട്. കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ സീറ്റിനായും കരുനീക്കം നടത്തിയിരുന്നു.ഇതിനു പുറമേ സര്‍ക്കാര്‍ പദവിയും ലക്ഷ്യമിടുന്നുണ്ട്. സര്‍ക്കാര്‍ പദവി ലഭിച്ചാല്‍ തൃപ്തിപ്പെടുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലെ സംസാരം.സര്‍ക്കാരിലെ ഒരു പ്രധാന തസ്തികയിലേക്ക് പരിഗണിച്ചുവെങ്കിലും അത് ചുണ്ടിനും കപ്പിനും ഇടയില്‍ നഷ്ടപ്പെട്ടു.