Spread the love

ഇറാനില്‍ വീണ്ടും അമേരിക്കന്‍ വ്യോമാക്രമണം

വാഷിംഗ്ടണ്‍: ബുധനാഴ്ച രാത്രി ഇറാനിലെ വിവിധ കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തി അമേരിക്ക. ജോര്‍ദാനിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്കെതിരെ ഇറാന്‍ നടത്തിയ ആക്രമണത്തിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് കഴിഞ്ഞദിവസം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം.

കഴിഞ്ഞ ഒരാഴ്ചക്കിടെ ഇറാനില്‍ അമേരിക്ക നേരിട്ട് നടത്തുന്ന ആദ്യത്തെ ആക്രമണമാണിത്. അമേരിക്കന്‍ സൈനികര്‍ക്കുനേരെയുണ്ടായ ആക്രമണത്തിനുള്ള ശക്തമായ മറുപടിയാണിതെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പ്രാദേശിക സമയം രാത്രി എട്ട് മണിക്കാണ് ആക്രമണം ആരംഭിച്ചത്. അമേരിക്കന്‍ സേനയുടെ വ്യോമാക്രമണം ഏത് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് നടന്നതെന്ന് വ്യക്തമല്ല. നാശനഷ്ടങ്ങളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

‘ഞങ്ങള്‍ അവര്‍ക്ക് നേരെ അതിശക്തമായ ആക്രമണം അഴിച്ചുവിടാന്‍ പോവുകയാണ്. കാരണം ഇനി അവരെ തിരിച്ചടിക്കേണ്ടത് ഞങ്ങളുടെ ഊഴമാണ്. ആക്രമണം വരുമെന്ന കാര്യം അവര്‍ക്ക് നന്നായി അറിയാം’ – എന്നാണ് കഴിഞ്ഞ ദിവസം ട്രംപ് മാദ്ധ്യമങ്ങളോട് പറഞ്ഞത്.

ചൊവ്വാഴ്ച അമേരിക്കന്‍ സമയം വൈകിട്ട് 5.45ഓടെയാണ് ഇറാന്റെ ഇസ്ലാമിക് റവല്യൂഷനറി ഗാര്‍ഡ് കോര്‍പ്‌സ് ജോര്‍ദാനിലെ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ മിസൈല്‍ ആക്രമണം നടത്തിയത്. എന്നാല്‍ ലക്ഷ്യസ്ഥാനത്തെത്തുന്നതിന് മുന്‍പ് യുഎസ് സൈന്യം അവ പൂര്‍ണമായും തകര്‍ത്തു. ആക്രമണത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.