കൊല്ലം: തന്റെ ഭാര്യയുടെ പിണക്കത്തിന് കാരണം അമ്മയാണെന്നാരോപിച്ച് മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു. തൊടിയൂർ മുഴങ്ങോടി പുത്തൻപുരയിൽ വീട്ടിൽ രാജേഷ് (56) ആണ് അമ്മ സരസ്വതിയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. പ്രതിയെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റു ചെയ്തു.
രാജേഷിന്റെ ഭാര്യ പിണങ്ങിപ്പോകാൻ കാരണം അമ്മയാണെന്നും കഴിഞ്ഞദിവസം രാജേഷ് വഴക്കുണ്ടാക്കുകയും തർക്കത്തിനിടെ വെട്ടുകത്തിയെടുത്ത് അമ്മയായ സരസ്വതിയെ വെട്ടുകയുമായിരുന്നു. ഇതോടെ സരസ്വതിയുടെ വലതു കൈയ്ക്ക് വെട്ടേൽക്കുകയും ഓടി രക്ഷപ്പെടാൻ ശ്രമിച്ചതോടെ പിന്തുടർന്ന രാജേഷ് പിന്നെയും വെട്ടി. കൈയ്ക്കും മുഖത്തും വെട്ടേറ്റ മാതാവിനെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത കരുനാഗപ്പള്ളി പൊലീസ് രാജേഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

