Spread the love

റിയാദ്: സൗദിയിൽ മലയാളി നഴ്‌സ് ന്യുമോണിയ ബാധിച്ച് മരിച്ചു. സൗദി അറേബ്യയിലെ അബഹയില്‍ ആണ് എറണാകുളം മീന്‍പാറ ആറ്റുപുറത്ത് വീട്ടില്‍ സീന ഉതുപ്പ് (42) മരിച്ചത്. അസീര്‍ സെന്‍ട്രല്‍ ആശുപത്രിയില്‍ കഴിഞ്ഞ 16 വര്‍ഷമായി സ്റ്റാഫ് നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു.

ജോലിക്കിടെയാണ് സീനയ്ക്ക് ന്യുമോണിയ ബാധിക്കുന്നത്. തുടര്‍ന്ന് രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇതേ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിലായിരുന്നു. മൂന്ന് മാസത്തോളമായി രോഗത്തോടു പൊരുതിയ ശേഷമാണ് അന്ത്യം.

കോലഞ്ചേരി സ്വദേശിയും അബഹയിലെ യു.പി.എസ്. കൊറിയര്‍ കമ്പനി ജീവനക്കാരനുമായ ഷിബിന്‍ മാത്യുവാണ് ഭര്‍ത്താവ്. മക്കള്‍: അന്നലിയ, അലോണ. മാതാപിതാക്കള്‍: ഉതുപ്പ്, സരളമ്മ.

സീനയുടെ മൃതദേഹം ആവശ്യമായ നിയമനടപടികള്‍ പൂര്‍ത്തിയാക്കി എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഭര്‍ത്താവ് ഷിബിന്‍ മാത്യുവിനൊപ്പം സാമൂഹിക പ്രവര്‍ത്തകന്‍ ഹനീഫ് മഞ്ചേശ്വരം, സുഹൃത്ത് ബിനു എന്നിവരും നിയമനടപടികള്‍ക്ക് നേതൃത്വം നല്‍കുന്നു.