Spread the love

നോക്കുവിദ്യാ പാവകളിയെ ജനകീയമാക്കിയ പത്മശ്രീ മൂഴിക്കല്‍ പങ്കജാക്ഷി വിടവാങ്ങി

നോക്കുവിദ്യ പാവകളിയെ ജനകീയമാക്കിയ പത്മശ്രീ മൂഴിക്കല്‍ പങ്കജാക്ഷി (80) അന്തരിച്ചു.അന്യ നില്‍ക്കുന്ന കലാരൂപമായ നോക്കുവിദ്യ പാവകളി വിദഗ്ധയുമായ മൂഴിക്കല്‍ പങ്കജാക്ഷി (80) അന്തരിച്ചു.വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

കോട്ടയം ജില്ലയിലെ മോനിപ്പള്ളി സ്വദേശിനിയാണ്.പരമ്പരാഗത കലാരൂപമായ നോക്കുവിദ്യ പാവകളിക്ക് ലോകമെമ്പാടും അംഗീകാരം നേടിക്കൊടുക്കുന്നതില്‍ പങ്കജാക്ഷി അമ്മ വഹിച്ച പങ്ക് വലുതാണ്.2020-ലാണ് പത്മശ്രീ നല്‍കി രാജ്യം ആദരിച്ചത്.പതിനൊന്നാം വയസ്സു മുതല്‍ കലാരംഗത്ത് സജീവമായ ഇവര്‍, തന്റെ മാതാപിതാക്കളില്‍ നിന്നാണ് ഈ കലാരൂപം അഭ്യസിച്ചത്..പങ്കജാക്ഷി അമ്മയ്ക്ക് പ്രായാധിക്യവും ആരോഗ്യ പ്രശ്നങ്ങളും മൂലം പാവകളി അവതരിപ്പിക്കാന്‍ ബുദ്ധിമുട്ട് നേരിട്ടതോടെ മുത്തശ്ശിയുടെ പാരമ്പര്യം തുടര്‍ന്ന് ഇപ്പോള്‍ കൊച്ചുമകള്‍ കെ എസ് രഞ്ജിനിയാണ് ഇത് അവതരിപ്പിക്കുന്നത്.

കേരള ടൂറിസത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലും പങ്കജാക്ഷി അമ്മയുടെ കലാരൂപത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഇടംപിടിച്ചിട്ടുണ്ട്. കേരള ഫോക്ലോര്‍ അക്കാദമിയുടെ അവാര്‍ഡും ഫെല്ലോഷിപ്പും ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ഇവരെ തേടിയെത്തിയിട്ടുണ്ട്.ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ തന്റെ കലാവൈഭവം അവതരിപ്പിച്ച് കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന് അന്താരാഷ്ട്ര തലത്തില്‍ വലിയ ശ്രദ്ധ നേടിക്കൊടുക്കാന്‍ ഇവര്‍ക്ക് സാധിച്ചു.

നോക്കുവിദ്യാപാവകളി 

മൂക്കിന് താഴെ, മേല്‍ച്ചുണ്ടിന് മേലേ ശ്രദ്ധയോടെ പിടിച്ച, കമുങ്ങിന്റെ വാരികൊണ്ട് ചെത്തിമിനുക്കിയ ചെറിയ കന്പ്. അതിന് മുകളില്‍ പല തരം പാവകള്‍. കൈയിലെ നൂലില്‍പിടിച്ച് പാവകളെ ചലിപ്പിച്ചാണ് കഥ അവതരിപ്പിക്കുന്നത്. മറ്റൊരാള്‍ തുടികൊണ്ട് ഈണം പിടിക്കും.

പിന്നണിക്കാരനുമുണ്ട്. ആ താളത്തിനൊപ്പം ഗരുഡന്‍, ഭീമന്‍, കൃഷ്ണന്‍…പലവിധ പാവകള്‍ കലാകാരിയുടെ േമല്‍ച്ചുണ്ടിലിരുന്ന് ചലിക്കും. പാവകള്‍ വീണുപോയേക്കുമെന്ന് തോന്നും. എന്നാല്‍, കഥയും കലാരൂപവുമായി കൈയ്മെയ് മറന്ന് ബന്ധപ്പെട്ടുനില്‍ക്കുന്നതിനാല്‍ ഒരിക്കലും അങ്ങനെ സംഭവിക്കില്ല. അദ്ഭുതക്കാഴ്ചയാണിത്

വേലന്‍ വിഭാഗക്കാര്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്ന പാരന്പര്യ കലാരൂപവുമായി പങ്കജാക്ഷി പരിചയപ്പെടുന്നത് 11-ാം വയസ്സില്‍. കുടുംബത്തിലെ സ്ത്രീകളാണ് പാവകളി നടത്തിയിരുന്നത്. പാട്ടും താളവും പുരുഷന്മാരുടേതാണ്. ഭര്‍ത്താവും പിന്നീട് മകനും താളവുമായി ഒപ്പം ചേര്‍ന്നു. ഏകമകള്‍ രാധാമണി പാരന്പര്യത്തുടര്‍ച്ചയുടെ കണ്ണിയായില്ല. എന്നാല്‍, പത്തുവര്‍ഷം മുന്പ് രാധാമണിയുടെ മകള്‍ രഞ്ജിനി പാവകളി പഠിച്ചു.

കൊച്ചി ബോള്‍ഗാട്ടി പാലസില്‍, വിദേശീയര്‍ അടക്കമുള്ള നിറഞ്ഞ സദസ്സില്‍ അമ്മൂമ്മ പാവകളി നടത്തുമ്പോള്‍ രഞ്ജിനി വീര്‍പ്പടക്കിയിരുന്നു. അന്ന് വിദേശികള്‍ അമ്മൂമ്മയെ ചേര്‍ത്തുപിടിച്ച് അനുമോദിച്ചപ്പോള്‍ കൊച്ചുമകള്‍ രഞ്ജിനി പാവകളി പഠിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ, പുതിയ പാവകളും കഥകളുമായി. ഈ കലാരൂപം തലമുറകളിലേക്ക് വളരുകയാണ്. ഫോക്ലോര്‍ അക്കാദമി ഈ കലാകാരിയെ അവാര്‍ഡ് നല്‍കി ആദരിച്ചിട്ടുണ്ട്.

ഉരുളികുന്നം മൂഴിക്കല്‍ പരേതരായ എം.കെ.ശങ്കരന്റെയും പാപ്പിയമ്മയുടെയും മൂത്തമകളായ പങ്കജാക്ഷിയുടെ മറ്റ് മക്കള്‍: വിജയന്‍, ശിവന്‍.