Spread the love

ലണ്ടൻ : തുടർച്ചയായ മൂന്നാം ആഴ്ചയിലും ഉഷ്ണതരംഗം ബ്രിട്ടനെ വിടാതെ പിന്തുടരുന്നു. ഈയാഴ്ചയും താപനില പലയിടത്തും 36 ഡിഗ്രിക്കു മുകളിൽ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഇതോടെ വരുന്ന ഏതാനും ദിവസങ്ങളില്‍ യു കെയുടെ ചില ഭാഗങ്ങളില്‍ കാട്ടുതീ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന മുന്നറിയിപ്പ് വന്നിരിക്കുന്നു. തെക്കന്‍ ഇംഗ്ലണ്ടിന്റെ ചില ഭാഗങ്ങളിലും, തെക്കന്‍ മിഡ്‌ലാന്‍ഡ്‌സിലെ ചില പ്രദേശങ്ങളിലുമാണ് ഇതിനുള്ള സാധ്യത കൂടുതലെന്ന് നാച്ചുറല്‍ ഇംഗ്ലണ്ട് ഇന്നലെ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇംഗ്ലണ്ടിലെയും വെയില്‍സിലെയും മറ്റു ചിലയിടങ്ങളിലും കാട്ടുതീ പടരാനുള്ള സാധ്യത കുറവല്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യു കെയുടെ ചില ഭാഗങ്ങളില്‍ ഉഷ്ണതരംഗം രണ്ടാമത്തെ ആഴ്ച്ചയും തുടരുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ് വന്നിരിക്കുന്നത്. അതേസമയം യു കെ ആരോഗ്യ സുരക്ഷാ ഏജന്‍സി പുതിയ ആംബര്‍, മഞ്ഞ ഹീറ്റ് ഹെല്‍ത്ത് മുന്നറിയിപ്പുകള്‍ പ്രഖ്യാപിച്ചു. ഇന്നലെ രാവിലെ 9 മണിയോടെ നിലവില്‍ വന്ന ഈ മുന്നറിയിപ്പുകള്‍ ജൂലായ് 15 രാത്രി 9 മണിവരെ പ്രാബല്യത്തില്‍ ഉണ്ടായിരിക്കും.