Spread the love

സര്‍വകലാശാലകളിലും പിടിമുറുക്കാന്‍ യുഡിഎഫ്

കോട്ടയം: സര്‍വകലാശാലകളിലും യുഡിഎഫ് പിടിമുറുക്കുന്നു. സിന്‍ഡിക്കേറ്റുകള്‍ കൈപ്പിടിയിലാക്കാന്‍ നിയമഭേദഗതി വരുന്നു. അംഗങ്ങളെ പൂര്‍ണമായി നാമനിര്‍ദേശം ചെയ്യാവുന്ന രീതിയാണ് ആലോചിക്കുന്നത്. ഒരു നോമിനേഷന്‍ ഗവര്‍ണര്‍ക്കും അനുവദിക്കുന്ന തരത്തിലാണ് നീക്കം. നാലുവര്‍ഷമാണ് കാലാവധി. ഇതോടെ ഇടതുപക്ഷം കൊടിക്കുത്തിവാഴുന്ന കേരള സര്‍വകലാശാല അടക്കം യുഡിഎഫ് ആധിപത്യത്തിലാവും

കുസാറ്റില്‍ നാലുപേരെയും സംസ്‌കൃത സര്‍വകലാശാലയില്‍ ഒരംഗത്തെയും സിന്‍ഡിക്കേറ്റിലേക്ക് ഗവര്‍ണര്‍ക്ക് നാമനിര്‍ദ്ദേശം ചെയ്യാം. എം.ജിയില്‍ മൂന്ന് ഡീന്‍മാരെയും ഗവര്‍ണറാണ് നോമിനേറ്റ് ചെയ്യുന്നത്. സെനറ്റുകളിലേക്ക് ഗവര്‍ണര്‍ നാമനിര്‍ദ്ദേശം നടത്തുന്നുണ്ട്. പുതിയ ഭേദഗതിയില്‍ എല്ലാ സര്‍വകലാശാലകളുടെയും സിന്‍ഡിക്കേറ്റിലേക്ക് ഒരംഗത്തെയെങ്കിലും ഗവര്‍ണര്‍ക്ക് നാമനിര്‍ദ്ദേശം ചെയ്യാമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തുന്നതും പരിഗണനയിലുണ്ട്.

കഴിഞ്ഞ സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്ത ആറംഗങ്ങളെ നീക്കിയതോടെ കേരള സര്‍വകലാശാലയില്‍ യു.ഡി.എഫിന് ഏഴംഗങ്ങളായി. മൂന്നു ഗവ. പ്രതിനിധികളുണ്ട്. എല്‍.ഡി.എഫിന് ആറും ബി.ജെ.പിക്ക് രണ്ടും അംഗങ്ങളുണ്ട്. ഭേദഗതി വരുന്നതോടെ ആറുപേരെയും ഒഴിവാക്കും.കാലിക്കറ്റിലും കഴിഞ്ഞ സര്‍ക്കാര്‍ നിയോഗിച്ച ആറംഗങ്ങളെയും നീക്കി. സിന്‍ഡിക്കേറ്റിലേക്ക് യുഡിഎഫ് എംഎല്‍എ മാര്‍ കൂടി എത്തുന്നതോടെ മാറ്റം പൂര്‍ണമാകും.