Spread the love

കണ്ണൂർ: കണ്ണൂരിൽ ഇടിമിന്നലേറ്റ് ഒരു മരണം. ചെറുപുഴ സ്വദേശിനി അഞ്ജു മാത്യു(31) ആണ് മരിച്ചത്. കാപ്പിമല മഞ്ഞപ്പുല്ലിലാണ് അപകടം സംഭവിച്ചത്. മിന്നലേറ്റ് രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അഞ്ജുവിന്റെ ഭർത്താവ് സോനു സെബാസ്റ്റ്യൻ, ഫോറസ്റ്റ് വാച്ചർ സനീഷ് എന്നിവർക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല. ഇവരെ കരുവഞ്ചാലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പുതിയതായി വാങ്ങിയ സ്കൂട്ടറിൽ ഡ്രൈവിങ് പഠിക്കാൻ ഭർത്താവിനൊപ്പം പോയതാണ് അഞ്ജു. സ്കൂട്ടർ കാപ്പിമലയിൽ വച്ച ശേഷം മലകയറുകയായിരുന്നു. സന്ദർശന സമയം കഴിഞ്ഞും ഇവിടെ നിന്ന അഞ്ജുവിനേയും സോനുവിനേയും തിരിച്ചയയ്ക്കാൻ എത്തിയതാണ് വാച്ചർ സതീശൻ. സ്വർണാഭരണങ്ങൾ ധരിച്ച അഞ്ജുവിനാണ് കൂടുതൽ പരുക്കേറ്റത്. പുളിങ്ങോം വില്ലേജ് ഓഫീസ് ജീവനക്കാരിയാണ് അഞ്ജു മാത്യു. അതേസമയം യുവതി ഇടിമിന്നലേറ്റ് മരിച്ചതിനെത്തുടർന്ന് വിനോദ സഞ്ചാര കേന്ദ്രമായ പൈതൽമലയിലേക്ക് സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തി. ഇനി ഒരറിയിപ്പുണ്ടാകുന്നതു വരെ വിലക്ക് തുടരും.