Spread the love

എം.ജി. സർവ്വകലാശാലയിൽ അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു

 

കോട്ടയം: മഹാത്മാഗാന്ധി സർവ്വകലാശാലയിൽ രണ്ടു ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര യോഗാ ദിനാചരണ പരിപാടികൾക്ക് തുടക്കം. സർവ്വകലാശാലയുടെ സെന്റർ ഫോർ യോഗ & നാച്ചുറോപതി, നാഷണൽ സർവീസ് സ്കീം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ “ആരോഗ്യകരമായ വാർദ്ധക്യം യോഗയിലൂടെ” എന്ന മുഖ്യ പ്രമേയത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.

 

ദിനാചരണത്തിന്റെ ഉദ്ഘാടനം ഏറ്റുമാനൂർ എം.എൽ.എ. ശ്രീ. നാട്ടകം സുരേഷ് നിർവ്വഹിച്ചു. ആധുനിക കാലഘട്ടത്തിൽ മാനസികവും ശാരീരികവുമായ ആരോഗ്യം നിലനിർത്താൻ യോഗ മികച്ച മാർഗ്ഗമാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഫാസ്റ്റ് ഫുഡ്ഡും ഉറക്കക്കുറവുമെല്ലാം ആരോഗ്യത്തെ വലിയ രീതിയിൽ ബാധിക്കുന്നുണ്ട്. മയക്കുമരുന്ന് നാം നേരിടുന്ന മറ്റൊരു വിപത്താണ്. ഇവയെ മറികടന്ന് നമ്മുടെ ശരീരത്തെ അതിന്റെ മികച്ച അവസ്ഥയിലേക്ക് എത്തിക്കാൻ യോഗ നമ്മെ സഹായിക്കും, അദ്ദേഹം കൂട്ടിച്ചേ‍‍ർത്തു. 

 

ചടങ്ങിൽ സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. (ഡോ.) ഡി. മാവൂതു അധ്യക്ഷത വഹിച്ചു. വാർദ്ധക്യത്തെ ഊർജ്ജസ്വലതയോടെ മുൻപോട്ട് കൊണ്ടുപോകാൻ യോഗയിലൂടെ സാധിക്കുമെന്ന വളരെ പ്രധാനപ്പെട്ട ഒരു ആശയമാണ് ഈ വർഷത്തെ നമ്മുടെ പ്രമേയം മുന്നോട്ട് വെയ്ക്കുന്നതെന്ന് വൈസ് ചാൻസല‍ർ പറഞ്ഞു.

 

സ‍ർവ്വകലാശാല സെന്റർ ഫോർ യോഗ & നാച്ചുറോപതി അധ്യാപിക ശ്രീമതി ആര്യ എബ്രഹാം അന്താരാഷ്ട്ര യോഗാ ദിന പ്രോട്ടോകോൾ അവതരിപ്പിച്ചു.

 

തുടർന്ന് നടന്ന സെഷനുകളിൽ റവ. ഫാ. ഡോ. കെ. എം. ജോർജ്, ചെയർപ്രൊഫസർ, പൗലോസ് മാർ ഗ്രിഗോറിയസ് ചെയർ, മഹാത്മാഗാന്ധി സർവ്വകലാശാല, “ആരോഗ്യകരമായ വാർദ്ധക്യം” എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി.

 

“വാർദ്ധക്യകാല പ്രശ്നങ്ങളും യോഗാ പരിഹാരങ്ങളും” എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ പ്രൊഫ. (ഡോ.) മാവൂതു, ഡോ. സുജാത കെ. (ഫാക്കൽറ്റി, സെന്റർ ഫോർ യോഗ & നാച്ചുറോപതി), ഡോ. ടോംസ് എബ്രഹാം (ഫാക്കൽറ്റി, ഡിപ്പാർട്ട്മെന്റ് ഓഫ് ലൈഫ് ലോങ് ലേണിംഗ് & എക്സ്റ്റൻഷൻ), ശ്രീമതി ആര്യ എബ്രഹാം, ശ്രീ. മാനസ് ജ്യോതി താലൂക്ദാർ (റിസർച്ച് സ്കോളർ, സെന്റർ ഫോർ യോഗ & നാച്ചുറോപതി) എന്നിവർ സംസാരിച്ചു.

 

ചടങ്ങിൽ സെന്റർ ഫോർ യോഗ & നാച്ചുറോപതി ഡയറക്ടർ ഡോ. സി. ആർ. ഹരിലക്ഷ്മീന്ദ്ര കുമാർ സ്വാഗതമാശംസിച്ചു. അർപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ആനന്ദ് പഞ്ഞിക്കാരൻ, സ്കൂൾ ഓഫ് ടൂറിസം സ്റ്റഡീസ് ഡയറക്ടർ പ്രൊഫ. (ഡോ.) റോബിനറ്റ് ജേക്കബ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.