കോഴിക്കോട്: താമരശ്ശേരിയിൽ 22കാരി ജീവനൊടുക്കിയത് പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്ന് പിന്മാറിയതിനാലാണെന്ന ആരോപണവുമായി വീട്ടുകാർ.
ഈ മാസം എട്ടാം തിയ്യതിയാണ് താമരശ്ശേരി അമ്പായത്തോട് മിച്ചഭൂമിയില്‍ താമസിക്കുന്ന പ്രദീപ് കുമാര്‍-ബിന്ദു ദമ്പതികളുടെ മകള്‍ നന്ദന പ്രദീപ്(22) ജീവനൊടുക്കിയത്.
പ്രതിശ്രുത വരനായ യുവാവ് വിവാഹത്തില്‍ നിന്നും പിന്‍മാറിയതാണ് തന്റെ മകളുടെ ആത്മഹത്യക്ക് കാരണമായതെന്ന് മാതാപിതാക്കളും ബന്ധുക്കളും കുറ്റപ്പെടുത്തി.
അതേസമയം വിവാഹ നിശ്ചയത്തിന്റെ ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയായിരുന്നു നന്ദനയെ വീട്ടിലെ ഡൈനിങ് ഹാളിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് സ്വകാര്യ മാളിൽ വെച്ചാണ് ചൈനീസ് ഷെഫായി ജോലി ചെയ്യുന്ന കൊണ്ടോട്ടി പുളിക്കല്‍വയല്‍ സ്വദേശിയായ യുവാവിനെ നന്ദന പരിചയപ്പെട്ടത്. തുടര്‍ന്ന് ഇരുവരും സൗഹൃദത്തിലാവുകയും പിന്നീട് കാര്യങ്ങൾ വിവാഹത്തിലേക്ക് എത്തുകയുമായിരുന്നു. വീട്ടുകാരുടെ സമ്മതപ്രകാരമാണ് വിവാഹ ഒരുക്കങ്ങള്‍ തുടങ്ങിയതെന്ന് നന്ദനയുടെ ബന്ധുക്കള്‍ പറയുന്നു. നന്ദനയുടെ വീട്ടിലേക്ക് അഭിനവിന്റെ വീട്ടുകാര്‍ വരികയും ചെയ്തു.
വളയിടല്‍ തിയ്യതിയും കുറിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനിടയില്‍ യുവാവ് വിവാഹത്തിന് താല്‍പര്യമില്ലെന്ന വിവരം നന്ദനയെ അറിയിക്കുകയായിരുന്നു. കൂടാതെ യുവാവ് നന്ദനയെ ബോഡി ഷെയ്മിങ് നടത്തിയിരുന്നതായും പെരുമാറ്റം ശരിയല്ലെന്ന രൂപത്തില്‍ സംസാരിച്ചിരുന്നതായും നന്ദനയുടെ സഹോദരി ആരോപിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

