Spread the love

ദൃശ്യം 3 മോഹന്‍ലാല്‍ സിനിമയില്‍ ഉപയോഗിച്ച വാഹനനമ്പര്‍ തന്റേതാണെന്ന പരാതിയുമായി ഏലം കര്‍ഷകന്‍

‘ദൃശ്യം 3’ സിനിമയിലെ മോഹന്‍ലാല്‍ ഉപയോഗിച്ച വാഹന നമ്പര്‍ തന്റേതാണെന്ന് ചൂണ്ടികാട്ടി ഏലം കര്‍ഷകന്‍ പോലീസില്‍ പരാതി നല്‍കി. സിനിമയില്‍ ഇതേ നമ്പരിലുളള വാഹനം ഉപയോഗിച്ചതിനെ തുടര്‍ന്ന് തന്റെ വാഹനം വ്യാജമാണെന്ന ആക്ഷേപം ഉയര്‍ന്നുവെന്നും ഇത് അപമാനകരമാണെന്നുമാണ് രാജീവിന്റെ ആരോപണം. രാജീവ് ,്‌സ്വന്തം വാഹനത്തിന്റെ മുന്നില്‍ നില്‍ക്കുന്ന ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍, സംവിധായകന്‍ ജീത്തു ജോസഫ്, നടന്‍ മോഹന്‍ലാല്‍ എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയത്.

കുഞ്ചിത്തണ്ണി പൊട്ടന്‍കാട് രണ്ടുമാക്കല്‍ വീട്ടില്‍ ആര്‍.ഡി.രാജീവാണു മൂന്നാര്‍ ഡിവൈഎസ്പിക്കു പരാതി നല്‍കിയത്. KL 69D 2772 എന്ന നമ്പറിലുള്ള വാഹനമാണു സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നതെന്നും ഇതു തന്റെ വാഹനത്തിന്റെ നമ്പറാണെന്നും രാജീവ് പരാതിയില്‍ പറയുന്നു.

സിനിമ ഇറങ്ങിയശേഷം, തന്റെ വാഹന നമ്പര്‍ വ്യാജമാണെന്ന രീതിയില്‍ നാട്ടില്‍ പ്രചാരണം തുടങ്ങി. ഇതു തനിക്കു നാട്ടിലും സുഹൃത്തുക്കള്‍ക്കിടയിലും വലിയ മാനനഷ്ടമുണ്ടാക്കിയതായും പരാതിയില്‍ പറയുന്നു. വാഹനം ഉപയോഗിച്ചിരിക്കുന്ന രംഗങ്ങള്‍ സിനിമയില്‍നിന്നു നീക്കണമെന്നും രംഗങ്ങള്‍ പിന്‍വലിക്കുന്നതുവരെ സിനിമ പ്രദര്‍ശിപ്പിക്കരുതെന്നും മനോവിഷമം ഉണ്ടാക്കിയെന്നും ചിത്രത്തിലെ കഥ പോലെ തനിക്കും ഗൂഢപ്രവര്‍ത്തനങ്ങള്‍ ഉണ്ടെന്നും ചിലര്‍ പ്രചരിപ്പിക്കുന്നുവെന്നും പരാതിയില്‍ പറയുന്നു.