Spread the love

യുഡിഎഫ് തെരഞ്ഞെടുപ്പ് വാഗ്ദാനമായ കെഎസ്ആർടിസി ബസ്സുകളിലെ സൗജന്യ യാത്ര ജൂൺ 15 മുതൽ പ്രാബല്യത്തിൽ

 

പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും കെഎസ്ആർടിസിയിൽ സൗജന്യമായി യാത്രചെയ്യാമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ അറിയിച്ചു

സൗജന്യയാത്രയ്ക്ക് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയെന്നും ‘പ്രിയദർശിനി’ എന്നാണ് ഈ പദ്ധതിയെ വിളിക്കുന്നതെന്നും മുഖ്യമന്ത്രി പറ‌ഞ്ഞു. ഇന്ന് നടന്ന മന്ത്രിസഭായോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഓർഡിനറി ബസിലാണ് ആദ്യം സൗജന്യയാത്ര പ്രഖ്യാപിച്ചിരിക്കുന്നത്. മാസം 65 മുതൽ 75 കോടിയോളം രൂപയുടെ ബാദ്ധ്യത സർക്കാരിന് വരും. വർഷത്തിൽ 800 കോടിരൂപയോളം കെഎസ്ആർടിസിക്ക് വരുമാനകുറവ് വരും. ഇപ്പോൾ ഒരു വർഷം 1500 കോടി രൂപ സർക്കാർ കെഎസ്ആർടിസിക്ക് നൽകുന്നുണ്ട്. അതിനൊപ്പം ഇതും നൽകും.

 

അതും സർക്കാർ നൽകും. വരുമാനവും പ്രായവും കണക്കിലെടുക്കാതെയാണ് സൗജന്യയാത്ര അനുവദിക്കുക. കെഎസ്ആർടിസിക്ക് ഉണ്ടാകുന്ന നഷ്ടം സർക്കാർ നികത്തും. ആദ്യം ഘട്ടമെന്ന രീതിയിലാണ് ഓർഡിനറിയിൽ സൗജന്യയാത്ര നൽകുന്നത്. കെഎസ്ആർടിസിയുടെ നിലമെച്ചപ്പെടുത്തിയിട്ട് രണ്ടാം ഘട്ടത്തെക്കുറിച്ച് ആലോചിക്കും. സ്വന്തമായി വരുമാനം ഉണ്ടാക്കാൻ കെഎസ്ആർടിസിയെ പ്രോത്സാഹിപ്പിക്കും. ഓർഡിനറി ബസുകളിൽ പദ്ധതി നടപ്പിലാക്കിയശേഷം ഇതിന്റെ പ്രവർത്തനം വിലയിരുത്തും. ശേഷമായിരിക്കും മറ്റ് ബസുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുക. ഓർഡനറി ബസുകൾ കുറവുള്ള മലബാർ മേഖലയിലെ പ്രശ്നങ്ങൾ സർക്കാർ പഠിച്ച് തുടർനടപടികൾ സ്വീകരിക്കും”- മുഖ്യമന്ത്രി വ്യക്തമാക്കി.