നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഗൺമാൻമാർ തല്ലിച്ചതച്ച കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് ഗ്രേഡ് എസ്ഐമാർ.
ഉന്നത ഉദ്യോഗസ്ഥന്റെ നിർദേശങ്ങൾ അനുസരിക്കുക മാത്രമാണ് ചെയ്തതെന്ന് ഗ്രേഡ് എസ്ഐമാർ എസ്ഐടിക്ക് മൊഴി നൽകി. എഡിജിപി എംആർ അജിത് കുമാറിനെതിരെയാണ് എസ്ഐമാരായ ഗീരീഷ്, ശ്രീകുമാർ എന്നിവർ മൊഴി നൽകിയത്.
യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഗൺമാൻമാർ മർദിച്ച സംഭവത്തിലെ ആദ്യ റിപ്പോർട്ട് തിരുത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഗ്രേഡ് എസ്ഐമാരുടെ മൊഴിയെടുത്തത്. എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാത്രി മുതൽ ഇന്ന് രാവിലെ 10.30 വരെയാണ് ഇവരെ ചോദ്യം ചെയ്തത്.
നിലവിൽ എഡിജിപിയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. അന്വേഷണത്തിന്റെ അടുത്ത ഘട്ടത്തിൽ എഡിജിപിയുടെ മൊഴി കൂടി ഉൾപ്പെടുത്തി വിശദമായ റിപ്പോർട്ട് തയ്യാറാക്കാനാണ് എസ്ഐടി നീക്കം.

