Spread the love

കേന്ദ്രമന്ത്രിസഭയില്‍ നിന്ന് ജോര്‍ജ് കുര്യന്‍ പുറത്തേക്ക്, അനൂപ് ആന്റണി കെ. സുരേന്ദ്രന്‍ സാധ്യതാ പട്ടികയില്‍

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെ ബിജെപി വീണ്ടും രാജ്യസഭയിലേക്ക് പരിഗണിക്കുന്നില്ലെന്ന് വ്യക്തമായതോടെ മന്ത്രിസഭ പുന: സംഘടനയെക്കുറിച്ചുളള ചര്‍ച്ചകളും സജീവമായി. നരേന്ദ്രമോദി 3.0 യില്‍ ബിജെപി പ്രത്യേക താല്‍പര്യമെടുത്താണ് ജോര്‍ജ് കുര്യനെ കേന്ദ്രമന്ത്രിസഭാംഗമാക്കിയത്. ബിജെപിയുടെ ക്രിസ്ത്യന്‍ വിഭാഗത്തിലേക്കുളള നീക്കങ്ങള്‍ കൂടി ലക്ഷ്യമിട്ടായിരുന്നു ഇത്. ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീര, ന്യൂനപക്ഷകാര്യങ്ങളുടെ ചുമതലയുള്ള സഹമന്ത്രിയായിരുന്നു. ബിജെപിയുടെ പുതിയ രാജ്യസഭാ ലിസ്റ്റ് പ്രകാരം യുവജനങ്ങള്‍ക്കാണ് പ്രാമുഖ്യം നല്‍കിയിരിക്കുന്നത്

ഇതെ തുടര്‍ന്ന് ക്രിസ്ത്യന്‍ ഔട്ട് റീച്ച് ഉള്‍പ്പടെയുളള പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനവും പാര്‍ട്ടി സജീവമാക്കി. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പിലും തുടര്‍ന്ന് വന്ന നിയമസഭയിലും കോട്ടയം ഉള്‍പ്പടെയുളള പ്രദേശങ്ങളില്‍ പാര്‍ട്ടിക്ക് പ്രതീക്ഷിച്ച നേട്ടം ഉണ്ടായില്ല. കിഴക്കന്‍ മേഖലയിലെ രണ്ടു പഞ്ചായത്തുകളില്‍ ഭരണം നഷ്ടപ്പെട്ടു. മുത്തോലി, പള്ളിക്കത്തോട് പഞ്ചായത്തുകളിലായിരുന്നു പാര്‍ട്ടിക്ക് ഭരണം പോയത്. പൂഞ്ഞാര്‍ തെക്കേക്കര, കിടങ്ങൂരില്‍ ഭരണം ലഭിച്ചതുമാത്രമാണ് ഏക ആശ്വാസം. ഇതില്‍ പൂഞ്ഞാര്‍ പിസി ജോര്‍ജിന്റെ തട്ടകമാണ്. ജോര്‍ജ് പാര്‍ട്ടിലേക്ക് വന്നതിന്റെ നേട്ടമായാണ് ഇതിനെ കാണുന്നത്.

തുടര്‍ന്ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ ജോര്‍ജ് കുര്യനെ കാഞ്ഞിരപ്പള്ളിയില്‍ സ്ഥാനാര്‍ഥിയാക്കിയെങ്കിലും നല്ല പ്രകടനം കാഴ്ച്ചവെക്കാനായില്ല. പാലാ, പൂഞ്ഞാര്‍ മണ്ഡലങ്ങളില്‍ കാഞ്ഞിരപ്പള്ളിയേക്കാള്‍ ഭേദപ്പെട്ട നിലയില്‍ പാര്‍ട്ടി എത്തുകയും ചെയ്തു. പാലായില്‍ ഷോണ്‍ ജോര്‍ജ് വിജയിക്കുമെന്നായിരുന്നു പ്രചാരണമെങ്കിലും 25.09 ശതമാനം വോട്ടോടെ മൂന്നാംസ്ഥാനത്തേക്ക് പോയി.

തിരുവല്ലയില്‍ അനൂപ് ആന്റണി രണ്ടാം സ്ഥാനത്ത് എത്തിയതോടെ ബിജെപി ദേശീയ നേതൃത്വം പുതിയ തിരിച്ചറിവുകളിലേക്ക് നീങ്ങി. മധ്യകേരളത്തില്‍ ഏറ്റവും നല്ല പോരാട്ടം നടത്തിയത് അനൂപായിരുന്നു. 30.61 ശതമാനം വോട്ടും നേടി. ബിടെക് ബിരുദധാരിയായ അനൂപിലേക്ക് പാര്‍ട്ടി കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. പ്രധാനമന്ത്രിയുമായി വളരെ അടുപ്പമുളളനേതാവ് അനൂപ്. കേന്ദ്രമന്ത്രിസഭാ പുന: സംഘടനയില്‍ ഏറ്റവും മുന്‍നിരയില്‍ പരിഗണിക്കുന്നത് അനൂപിന്റെ പേരാണ്. ക്രൈസ്തവ വിഭാഗത്തില്‍ നിന്നുളള പ്രതിനിധി എന്ന നിലയില്‍ അനൂപിനും സാധ്യതയേറെയാണ്. കെ. സുരേന്ദ്രന്റെ പേരും പരിഗണനയില്‍ ഉണ്ട്.

2020 ജൂണ്‍ മുതല്‍ രാജ്യസഭാംഗമായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ രാജിവച്ച ഒഴിവില്‍, 2024 ഓഗസ്റ്റില്‍ ഉപതിരഞ്ഞെടുപ്പ് വഴിയാണ് ജോര്‍ജ് കുര്യന്‍ രാജ്യസഭയിലെത്തിയത്. അതുകൊണ്ടുതന്നെ രാജ്യസഭാംഗമെന്ന നിലയില്‍ 2 വര്‍ഷത്തില്‍ താഴെയേ അദ്ദേഹത്തിനു ലഭിച്ചുള്ളൂ. മധ്യപ്രദേശില്‍ ഒഴിവുവരുന്ന 3 സീറ്റുകളില്‍ രണ്ടെണ്ണമാണ് ബിജെപിക്കു ലഭിക്കുക. ഈ സീറ്റുകളിലേക്ക് തരുണ്‍ ചുഗ്, രജനീഷ് അഗര്‍വാള്‍ എന്നിവരെയാണ് സ്ഥാനാര്‍ഥികളായി ബിജെപി നിശ്ചയിച്ചിരിക്കുന്നത്. 13 സംസ്ഥാനങ്ങളില്‍ നിന്നുള്ള 27 രാജ്യസഭാ സീറ്റുകളിലേക്കാണ് 18ന് തിരഞ്ഞെടുപ്പ് നടക്കുന്നത്

 

ബിജെപി പാര്‍ട്ടി പുറത്തിറക്കിയ പട്ടിക പ്രകാരം, രാജുഭായ് ശുക്ല, മുകേഷ്ഭായ് രത്വ, മാന്‍സിംഗ് പര്‍മര്‍, ജിതേന്ദ്ര മേഘ്ജിഭായ് കന്‍സാരിയ എന്നിവര്‍ ഗുജറാത്തില്‍ നിന്നുളള സ്ഥാനാര്‍ഥികളാണ്്.പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗ്, രജനീഷ് അഗര്‍വാള്‍ എന്നിവരെ മധ്യപ്രദേശില്‍ നിന്ന് മത്സരിപ്പിക്കുന്നു. പഞ്ചാബില്‍ നിന്നുള്ള ശ്രീ ചുഗ്, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ബിജെപി സംഘടനയില്‍ സജീവ സാന്നിധ്യമാണ്, കൂടാതെ യുവ മോര്‍ച്ചയില്‍ നേരത്തെ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. യുവജനങ്ങള്‍ക്കാണ് ലിസ്റ്റില്‍ പരിഗണന നല്‍കിയിരിക്കുന്നത്.

അല്‍ക ഗുര്‍ജാറും സതീഷ് പൂനിയയും രാജസ്ഥാനില്‍ നിന്ന് മത്സരിക്കും. 62 കാരനായ ശ്രീ പൂനിയ 2019 സെപ്റ്റംബര്‍ മുതല്‍ 2023 മാര്‍ച്ച് വരെ ബിജെപി സംസ്ഥാന പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്, നിലവില്‍ ഹരിയാനയുടെ പാര്‍ട്ടിയുടെ ചുമതലയാണ് വഹിക്കുന്നത്. നിലവില്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയായ 65 കാരിയായ ഗുര്‍ജാര്‍ 2013 ലെ രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചു.

മണിപ്പൂരില്‍ നിന്ന് എ. ശാരദാ ദേവിയെയും അരുണാചല്‍ പ്രദേശില്‍ നിന്ന് തായ് തഗാക്കിനെയും പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി നിര്‍ത്തി. മുന്‍ അധ്യാപികയായ 59 കാരിയായ ദേവി ദീര്‍ഘകാല പാര്‍ട്ടി അംഗവും 2014 മുതല്‍ 2016 വരെ ദേശീയ വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവില്‍ ബിജെപി സംസ്ഥാന പ്രസിഡന്റും 2021 ജൂണ്‍ മുതല്‍ ഈ സ്ഥാനം വഹിക്കുന്ന ആദ്യ വനിതയുമാണ് 54 കാരിയായ തഗാക് 1989 ല്‍ ആര്‍എസ്എസില്‍ ചേരുകയും 2016 ല്‍ അരുണാചല്‍ പ്രദേശില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുകയും ചെയ്തു.

അരുണാചല്‍ പ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍, മണിപ്പൂര്‍ എന്നിവയുള്‍പ്പെടെ 10 സംസ്ഥാനങ്ങളിലെ രാജ്യസഭാ തിരഞ്ഞെടുപ്പുകള്‍ ജൂണ്‍ 18 ന് നടക്കും. ഒഡീഷയില്‍ നിന്നുള്ള ഉപരിസഭയിലേക്കുള്ള ഉപതിരഞ്ഞെടുപ്പും അതേ ദിവസം തന്നെ നടക്കും.