Spread the love

കർണാടക മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെ കോൺഗ്രസ് ഹൈക്കമാൻഡ് മുന്നോട്ടു വച്ച നിർദ്ദേശം തള്ളി സിദ്ധരാമയ്യ. ദേശീയ നേതൃത്വം വാഗ്ദാനം ചെയ്ത രാജ്യസഭാ സീറ്റ് സിദ്ധരാമയ്യ നിരസിച്ചു. എം.എൽ.എ ആയി കർണാടക രാഷ്ട്രീയത്തിൽ തന്നെ തുടരാനാണ് താത്പര്യമെന്ന് അദ്ദേഹം വ്യക്തമാക്കി. രാജി സമർപ്പിച്ച ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് സിദ്ധരാമയ്യ ഇക്കാര്യം പറഞ്ഞത്.

ഹൈക്കമാൻഡ് ആവശ്യപ്പെടുമ്പോൾ രാജിവയ്ക്കുമെന്ന് ഞാൻ മുൻപ് പറഞ്ഞിരുന്നു. രണ്ട് ദിവസം മുൻപ് അവർ എന്നോട് സ്ഥാനമൊഴിയാൻ ആവശ്യപ്പെട്ടു. അതിനാൽ ഞാൻ രാജി സമർപ്പിച്ചു എന്നായിരുന്നു സിദ്ധരാമയ്യയുടെ പ്രതികരണം.

മേയ് 20ഓടെ സിദ്ധരാമയ്യ മുഖ്യമന്ത്രി കസേരയിൽ മൂന്ന് വർഷം പൂർത്തിയാക്കിയിരുന്നു.

ബംഗളൂരുവിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ കാവേരിയിൽ ഇന്ന് രാവിലെ നടന്ന പ്രഭാതഭക്ഷണ യോഗത്തിലാണ് സിദ്ധരാമയ്യ തന്റെ രാജി തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ, മന്ത്രിമാരായ എം.ബി പാട്ടീൽ, സതീഷ് ജാർക്കിഹോളി, ഡോ. ജി. പരമേശ്വര, മധു ബംഗാരപ്പ, രാമലിംഗ റെഡ്ഡി, ചലുവരയസ്വാമി തുടങ്ങിയ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.