ദേവസ്വം മന്ത്രി കെ മുരളീധരന് ഒരു തുറന്ന കത്ത് : ദേവസ്വം ബോർഡിൽ വഴിവിട്ട ശിൽബന്തി നിയമനങ്ങൾക്ക് കളമൊരുങ്ങുന്നു.
എൻ. ഹരി
കോട്ടയം : മുനമ്പം നിവാസികളെ വഞ്ചിച്ച് നിലപാട് മാറിയ മുഖ്യമന്ത്രി വി ഡി സതീശന്റെ പിൻഗാമി ആകാതിരിക്കാൻ ദേവസ്വം മന്ത്രി കെ മുരളീധരൻ ശ്രദ്ധിക്കണമെന്ന് ബിജെപി നേതാവ് എൻ.ഹരി.
സ്വർണ്ണക്കൊള്ള മുതൽ അടിമുടി അഴിമതിയും ക്രമക്കേടും സ്വജനപക്ഷപാതവും നടമാടുന്ന ദേവസ്വം ബോർഡിൽ വഴിവിട്ട നിയമനങ്ങൾ പൊടിപൊടിക്കുന്നത് ദേവസ്വം മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തട്ടെ.ഈ നിയമനങ്ങൾ പ്രാബല്യത്തിൽ ആയ ശേഷം മുൻ ഭരണസമിതിയുടേത് എന്ന് പറഞ്ഞ് മുഖ്യമന്ത്രിയെപ്പോലെ കൈകഴുകരുത്. സഖാക്കളെ വീണ്ടും പ്രധാന തസ്തികളിൽ അവരോധിക്കാനുള്ള നീക്കം മുളയിലെ നുള്ളികളയണം.
കോൺഗ്രസിൽ നിന്നും സിപിഎമ്മിലേക്ക് ചേക്കേറിയ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തിന്റെ ശിൽബന്തികളെ ഉന്നത തസ്തികളിൽ അവരോധിക്കാനുള്ള നീക്കം അന്തിമഘട്ടത്തിലാണ്.
പ്രശാന്ത് ചില തല്പരകക്ഷികളുടെ താല്പര്യത്തിന് വഴങ്ങി സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി സുദേവന്റെ മകനും തിരുവിതാംകൂർ ദേവസ്വം ബോർഡിൽ അസിസ്റ്റന്റ് ലോ ഓഫീസറുമായ അനുരാജ് എന്നയാൾക്ക് വേഗത്തിൽ ഉന്നത തസ്തിക ലഭിക്കുന്നതിനുമായി എല്ലാ മാനദണ്ഡങ്ങളും ചട്ടങ്ങളും ലംഘിച്ചുകൊണ്ട് ഡെപ്യൂട്ടി ലോ ഓഫീസർ എന്നൊരു തസ്തിക സൃഷ്ടിച്ചിരിക്കുകയാണ്.
ഇത് കെ മുരളീധരൻ ദേവസ്വം മന്ത്രിയായ സർക്കാരിന്റെ അനുമതിയ്ക്കായി അയച്ചിരിക്കുകയുമാണ്. എല്ലാ ചട്ടങ്ങളും ലംഘിച്ചാണ് ഈ നിയമനം..ഹൈക്കോടതിയുടെ അനുമതി വാങ്ങിയിട്ടില്ല.
ഇതുകൂടാതെ പ്രശാന്തിന്റെ തന്നെ പെഴ്സണൽ സെക്രട്ടറിയും ഇപ്പോഴത്തെ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ പെഴ്സണൽ സെക്രട്ടറിയായി തുടരുകയും ചെയ്യുന്ന ജി. ബിനുവിനെ ഡെപ്യൂട്ടി കമ്മീഷണർപദവിയിലെത്തിക്കുന്നതിനുവേണ്ടിയുള്ള തസ്തികയും സൃഷ്ടിച്ചു കഴിഞ്ഞു.ഡിജിറ്റലൈസേഷൻ ഡെപ്യൂട്ടി കമ്മീഷണർ എന്നൊരു തസ്തികയ്ക്കും ബോർഡ് ഉത്തരവ് നൽകിയിട്ടുണ്ട്. ഇതിനും കോടതി അനുമതി വാങ്ങിയിട്ടില്ല.
ഈ രണ്ടു നിയമനങ്ങളും സാധൂകരിക്കുന്നതിനായിസർക്കാർ അനുമതിക്കായി രാഷ്ട്രീയ ഇടപെടലുകൾ ശക്തമാക്കി.ഫയൽ നടപടികൾ വേഗത്തിലാക്കിയിരിക്കുകയാണ്.
വൻ സാമ്പത്തിക ബാധ്യത വരുത്തുന്ന മുൻ ബോർഡിന്റെ നീക്കത്തിനെതിരെ ഒരുകൂട്ടം ജീവനക്കാർ ദേവസ്വം ഓംബുഡ്സ്മാന് പരാതി അയയ്ക്കുകയും പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ട ദേവസ്വം ഓംബുഡ്സ്മാൻ സ്വമേധായാ കേസെടുത്തിരിക്കുകയുമാണ്.
എന്നാൽ ഉന്നത സ്വാധീനമുള്ള തല്പര കക്ഷികൾ രാഷ്ട്രീയഇടപെടലിലൂടെ ഇതിനെയെല്ലാം മറികടന്ന് നിയമനം നേടിയെടുക്കാനുള്ള നീക്കങ്ങൾ നടത്തുകയാണ്.
കൂടാതെ ദേവസ്വം ബോർഡിൽ ഐ ടി ഡിവിഷൻ പ്രൊജക്റ്റ് എഞ്ചിനീയറായി താൽക്കാലിക നിയമനം നേടിയ സിപിഎം കാട്ടാക്കട ഏരിയ സെക്രട്ടറി ഗിരിയുടെ മകനായ ശരൺ. ജി ക്ക് 15,000 രൂപ മാസശമ്പളത്തിൽ വർദ്ധിപ്പിച്ചു കൊടുത്തിരിക്കുന്നു. പ്രതിമാസം 50000/- രൂപ ശമ്പളം നൽകിയിരുന്നത് 65000/-രൂപയായി ആണ് വർദ്ധന. കൂടാതെ ഇത് സ്ഥിര നിയമനം നൽകുന്നതിനുവേണ്ടിയുള്ള ചരടു വലിയും വേഗം പുരോഗമിക്കുകയാണ്.
ഇതിനായി യോഗ്യതാ മാനദണ്ഡം നിശ്ചയിച്ച് റിക്രൂട്ട്മെന്റ് ബോർഡ് ബോർഡ് ചെയർമാനെ സ്വാധീനിച്ച് മുൻ പ്രസിഡന്റ് നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്. ഈ നിയമനങ്ങൾ പുനഃ പരിശോധിക്കാൻ മന്ത്രി തയ്യാറാകണം.
ദേവസ്വം ബോർഡ് ഇപ്പോഴും ശബരിമല സ്വർണ്ണക്കൊള്ള ഉൾപ്പെടെ നടത്തിയ മുൻ ഭരണസമിതികളുടെ നിയന്ത്രണത്തിൽ ആണെന്നാണ് ഇത് വ്യക്തമാക്കുന്നത്. ദേവസ്വം മന്ത്രി ഇക്കാര്യത്തിൽ ജാഗ്രതയും ഇടപെടലും നടത്തണം. അല്ലെങ്കിൽ ഇൻഡി സഖ്യത്തിലെ കക്ഷികൾ എന്ന നിലയിൽ ഉള്ള പരസ്പര സഹായസഹകരണ സംഘമെന്നത് സ്ഥിരീകരിക്കുന്ന നടപടിയാവും അത്. സ്വർണ്ണക്കൊള്ള ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മുൻ സർക്കാരിനെയും ദേവസ്വം ബോർഡിനേയും സംരക്ഷിക്കുന്നതിനുള്ള നീക്കത്തിന്റെ തുടക്കമാണിതെന്ന് കരുതേണ്ടിവരും
.

