സര്‍ക്കാരിന്റെ പൊതുസമ്പര്‍ക്ക വേദിയായ പിആര്‍ഡി തലപ്പത്ത് മാറ്റങ്ങള്‍, പിണറായി ഭരണകാലത്തെ പ്രധാന തസ്തികളിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ മാറ്റി നിയമിച്ചു.
തിരുവനന്തപുരം : വി.ഡി സതീശന് സര്‍ക്കാര്‍ ചുമതലയേറ്റതിന് പിന്നാലെ സര്‍ക്കാരിന്റെ പ്രതിച്ഛായ രൂപീകരണത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ വന്‍ അഴിച്ചുപണി. ഇടതു സര്‍ക്കാര്‍കാലത്ത് പ്രധാന തസ്തികളില്‍ സേവനം അനുഷ്ഠിച്ചവരെ എല്ലാം മാറ്റി. സര്‍ക്കാരിന്റെ വാര്‍ത്താകുറിപ്പുകള്‍ ജന സമ്പര്‍ക്ക പരിപാടികളുളള വീഡിയോകള്‍ അഭിമുഖങ്ങള്‍ ഇവ തയാറാക്കുന്നത് പആര്ഡിയാണ്. പിണറായി ഭരണത്തില്‍ പിആര്‍ഡിയിലെ ചില വിഭാഗങ്ങളുടെ മെല്ലപ്പോക്കിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. പിആര്‍ഡി അഡീഷണല്‍ ഡയറക്ടര്‍ മുതല്‍ ഡെപ്യുട്ടി ഡയറക്ടര്‍ വരെയുളള ഉദ്യോഗസ്ഥരെയാണ് തല്്ക്കാലം മാറ്റിയത്. തുടര്‍ന്ന് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരെയും മാറ്റും. നവകേരള സര്‍വേ, പിണറായിയുടെ മോഹന്‍ലാല്‍ അഭിമുഖം, സിഎം ക്വിസ് തുടങ്ങിയവയുടെ ചുമതലയുണ്ടായിരുന്നവരും മാറ്റിയവരില്പ്പെടുന്നു.
ജനറല്‍ ആന്‍ഡ് അഡ്മിനിസ്ട്രേഷന് അഡിഷനല്‍ ഡയറക്ടറായ കെ.ജി.സന്തോഷിനെയും പ്രോഗ്രാംസ് ആന്‍ഡ് കള്‍ചര്‍ അഡിഷനല്‍ ഡയറക്ടറായ കെ.പി.സരിതയെയും പരസ്പരം മാറ്റി നിയമിച്ചു. ഫീല്‍ഡ് പബ്ലിസിറ്റി ഡപ്യൂട്ടി ഡയറക്ടര്‍ എ.അരുണ്‍കുമാറിനെ കണ്ണൂര്‍ റീജനല്‍ ഡപ്യൂട്ടി ഡയറക്ടറായും വിഷ്വല്‍ കമ്യൂണിക്കേഷന്‍ ഡപ്യൂട്ടി ഡയറക്ടര്‍ ബി.ബിനുവിനെ കോഴിക്കോട് റീജനല്‍ ഡപ്യൂട്ടി ഡയറക്ടറായും നിയമിച്ചു. വെബ് ആന്‍ഡ് മീഡിയ റിലേഷന്‍സ് ഡപ്യൂട്ടി ഡയറക്ടര്‍ കെ.സുരേഷ് കുമാറിനെ ഡപ്യൂട്ടി ഡയറക്ടര്‍ (പെന്ഷന്) ആയും ഡപ്യൂട്ടി ഡയറക്ടര്‍ (പെന്ഷന്) പദവിയിലുണ്ടായിരുന്ന എസ്.ജയകുമാറിനെ ഫീല്‍ഡ് പബ്ലിസിറ്റി ആന്‍ഡ് കള്‍ചറല്‍ അഫയേഴ്സ് ഡപ്യൂട്ടി ഡയറക്ടറായും സ്ഥലം മാറ്റി.
കൊല്ലം റീജനല്‍ ഡപ്യൂട്ടി ഡയറക്ടര്‍ കെ.എസ്. ശൈലേന്ദ്രനെ ഡപ്യൂട്ടി ഡയറക്ടര്‍ തസ്തികയിലും കോട്ടയം റീജനല്‍ ഡപ്യൂട്ടി ഡയറക്ടര്‍ കെ.ആര്. പ്രമോദ് കുമാറിനെ കൊല്ലം റീജനല്‍ ഡപ്യൂട്ടി ഡയറക്ടറായും മാറ്റി. കോഴിക്കോട് റീജനല്‍ ഡപ്യൂട്ടി ഡയറക്ടറായിരുന്ന സി.മണിലാല്‍ ആണ് കോട്ടയം റീജനല്‍ ഡപ്യൂട്ടി ഡയറക്ടര്‍. കണ്ണൂര്‍ റീജനല്‍ ഡപ്യൂട്ടി ഡയറക്ടറായിരുന്ന സി.എഫ്. ദിലീപ് കുമാര്‍ ഇനി മുതല്‍ വെബ് ആന്‍ഡ് മീഡിയ റിലേഷന്‍സ് ഡപ്യൂട്ടി ഡയറക്ടറാകും. മാധ്യമങ്ങളുമായുളള സമ്പര്‍ക്കത്തിന്റെ പ്രധാന കേന്ദ്രവും പിആര്‍ഡിയാണ്.

