കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിലെ കാർ കത്തി ഉണ്ടായ അപകടത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്. സംഭവം ആസൂത്രിതമാണെന്നതിൻ്റെ കൂടുതൽ തെളിവുകൾ പുറത്ത് വന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാറിന് തീപിടിച്ച് കക്കറമുക്ക് സ്വദേശി സോന മരണപ്പെട്ടത്.
അപകട മരണത്തിന് പിന്നാലെ സോനയുടെ മരണം ആസൂത്രിതമാണെന്നാരോപിച്ച് സോനയുടെ കുടുംബം രംഗത്തെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അപകടത്തിന് മുമ്പ് ഒരു സ്ത്രീ പെട്രോൾ കന്നാസുമായി കടന്നു പോകുന്നതിന്റെ തെളിവുകൾ പോലീസിന് ലഭിച്ചു. ഇതാരാണെന്ന് സ്ഥിരീകരിക്കാനുള്ള അന്വേഷണത്തിലായിരുന്നു പോലീസ്. എന്നാൽ ഇപ്പോഴിതാ, പമ്പിൽ നിന്ന് പെട്രോൾ വാങ്ങിയത് സോന തന്നെയാണെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് പോലീസ്.
കന്നാസുമായി പോകുന്ന സോനയുടെ ദൃശ്യങ്ങൾ നടുവണ്ണൂര്‍ റോഡിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. കൂടാതെ തീ പടർന്നത് വാഹനത്തിൻ്റ തകരാർ അല്ല തീപിടിത്തത്തിന് കാരണമെന്ന് പരിശോധനയിൽ വ്യക്തമായിരുന്നു. തീ പടർന്നത് എൻജിനിൽ നിന്നല്ല എന്നും മോട്ടോർ വാഹന വകുപ്പിൻ്റെ പരിശോധനയിൽ ബോധ്യമായി.കാറിൽ പെട്രോളുമായി പോകവേയായിരുന്നു തീപിടിത്തമെന്നാണ് സൂചന. സോനയും ഭർത്താവ് രജിൻ ലാലും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു.

