Spread the love

കൊച്ചി: മോഡലിങ്ങിന്റെ മറവിൽ മനുഷ്യക്കടത്ത് നടത്തിയെന്ന കേസിൽ രണ്ട് യുവതികൾ അറസ്റ്റിൽ. പരാതിക്കാരിയായ പെൺകുട്ടിയെ മോഡലിങ് എന്ന വ്യാജേന വിദേശത്ത് എത്തിച്ച് പലർക്കായി കാഴ്ചവെച്ചു എന്നാണ് പരാതി. സിന്ധു, അലീന എന്നിവരെയാണ് മരട് പൊലീസ് അറസ്റ്റ് ചെയ്തത്. മോഡൽ അലീനയെ പൊലീസ് ചോദ്യം ചെയ്യുകയാണ്. മുംബൈയിൽ നിന്ന് പിടിയിലായ മറ്റൊരു പ്രതി സിന്ധുവിനെ ഇന്ന് കൊച്ചിയിൽ എത്തിക്കും.

അതേസമയം വൻ സെക്സ് റാക്കറ്റ് തന്നെ ഇതിനു പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്നും പൊലീസ് സൂചിപ്പിക്കുന്നു. പല പെൺകുട്ടികളും ഇവരുടെ സംഘത്തിൽ കുടുങ്ങിപ്പോയിട്ടുണ്ടെന്നാണ് പൊലീസിന് വിവരം ലഭിച്ചിട്ടുള്ളത്. നിലവിൽ മൂന്നു പരാതികൾ പൊലീസിന് ലഭിച്ചു.

പരാതിക്കാരിയായ പെൺകുട്ടിയെ മോഡലിങ്ങിന്റെ മറവിൽ ദുബായിലെത്തിച്ച് പലർക്കായി കാഴ്ചവെച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. ദുബായിൽ എത്തിച്ച പെൺകുട്ടിക്ക് മയക്കുമരുന്ന് നൽകി. പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങൾ പകർത്തി. പിന്നീട് ഇവ കാണിച്ച് ഭീഷണിപ്പെടുത്തി പെൺകുട്ടിയെ പലർക്കായി കാഴ്ചവെക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. യുവതികൾ നേരിട്ടത് ക്രൂര പീഡനമാണെന്നാണ് വിവരം.

സംഭവത്തിൽ കൂടുതൽ പ്രതികൾ ഉണ്ടെന്ന നി​ഗമനത്തിലാണ് പൊലീസ്. അലീന നേരത്തെയും ക്രിമിനൽ കേസിൽ ഉൾപ്പെട്ട പ്രതിയെന്നാണ് പൊലീസ് അറിയിച്ചു. ഗുണ്ട സംഘങ്ങളുമായി ബന്ധമുണ്ട്.