കോട്ടയം: ആറ്റിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കളിൽ ഒരാൾ മുങ്ങി മരിച്ചു. കൊല്ലം പുനലൂർ സ്വദേശി നവാസിന്റെ മകൻ ഷാഹുദ്ദീൻ നവാസ് (26) ആണ് മരിച്ചത്.
പുലിക്കുട്ടിശ്ശേരിയിലെ റിസോർട്ടിലെ ജീവനക്കാരനാണ്. ഇന്നലെ വൈകിട്ട് 3.30 ഓടെ അയ്മനം ചാമത്തറ ഷാപ്പ് കടവിലാണ് അപകടം. ഷാഹുദ്ദീനും സുഹൃത്ത് പ്രിൻസ് ജോർജും ആറ്റിൽ കുളിക്കുന്നതിനിടെ മുങ്ങിപ്പോകുകയായിരുന്നു. രണ്ട് പേർക്കും നീന്തലറിയില്ലായിരുന്നു.
നാട്ടുകാർ ചങ്ങാടം ഇട്ടുകൊടുത്ത് പ്രിൻസ് ജോർജിന് കരക്ക് എത്തിച്ചെങ്കിലും ഷാഹുദ്ദീനെ രക്ഷിക്കാനായില്ല. അയ്മനം പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ ആശ ഷിബു അറിയിച്ചതിന് പിന്നാലെ കോട്ടയം യൂണിറ്റിലെ അഗ്‌നിശമനസേന എത്തി.
തുടർന്ന്, സ്‌കൂബ ഡ്രൈവറായ അഖിൽ എസ്.കൃഷ്ണൻ ഒരു മണിക്കൂറോളം തിരച്ചിൽ നടത്തിയാണ് മൃതദേഹം കണ്ടെടുത്തത്.
കോട്ടയം വെസ്റ്റ് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

